തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമം തുറന്നുപറഞ്ഞു; ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലെ ജീവനക്കാരിയുടെ ജോലി തെറിച്ചു

ലൈംഗികാക്രമണം തുറന്ന് പറഞ്ഞതിന് ജീവനക്കാരിയെ തന്റെ ഓഫീസില്‍ നിന്നും പിരിച്ചുവിട്ട് റിപ്പബ്ലിക് ടിവി തലവനും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖര്‍.

ബംഗളൂരു: താന്‍ നേരിട്ട ലൈംഗികാക്രമണം തുറന്ന് പറഞ്ഞതിന് ജീവനക്കാരിയെ തന്റെ ഓഫീസില്‍ നിന്നും പിരിച്ചുവിട്ട് റിപ്പബ്ലിക് ടിവി തലവനും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖര്‍. ആന്തരിക അന്വേഷണ കമ്മിറ്റി പരാതിയെ കുറിച്ച് അന്വേഷിക്കുകയും പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ തെളിയിക്കുകയും ചെയ്തിട്ടും നടപടി സ്വീകരിച്ചില്ല എന്ന് സോനം മഹാജന്‍ എന്ന ജീവനക്കാരി പറയുന്നു.

മീ ടു ആരോപണങ്ങളുടെ അലകള്‍ രാജ്യത്തെ മുഴുവന്‍ പിടിച്ചുലക്കുമ്പോള്‍ എംപി യുടെ ഓഫീസ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടന്റ് ആയ സോനം മഹാജന്‍ തനിക്കുണ്ടായ ആക്രമണം തുറന്നു പറഞ്ഞ കാരണത്താല്‍ ജോലിയില്‍ നിന്നും പുറത്താക്കപ്പെടുകയാണ് ഉണ്ടായത്. കൂടാതെ വാര്‍ത്ത പുറത്ത് പറയാതിരിക്കാന്‍ ആരോപിതന്‍ ഇവര്‍ക്കെതിരെ കോടതി വിധിയും നേടിയെടുത്തു.

ചന്ദ്രശേഖറിന്റ അടുത്ത ആളും, ഏഷ്യാനെറ്റിന്റെ സിഒഒയും ആയ അഭിനവ് ഖാരെയ്ക്ക് എതിരെയാണ് മഹാജന്‍ പരാതി നല്‍കിയത്. കമ്പനി പരാതി തള്ളി കളയാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ആന്തരിക കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. അന്വേഷണം നീട്ടിക്കൊണ്ടു പോകുവാനും ശ്രമിച്ചെന്നും മഹാജന്‍ ആരോപിക്കുന്നു.

അന്വേഷണത്തില്‍ ഖാരെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും നടപടികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ റിപ്പോര്‍ട്ട് കമ്പനി അംഗീകരിച്ചില്ല. നടപടി എടുക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തി പല തവണ രാജീവ് ചന്ദ്രശേഖറിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല.

മീ ടു മൂവ്മെന്റ് വന്നതോടെ ട്വിറ്ററിലൂടെ ഈ വിവരങ്ങള്‍ മഹാജന്‍ പുറത്തറിയിച്ചു. ഇതിനെതുടര്‍ന്ന് ഖാരെ കോടതി വിധി നേടിയെടുക്കുകയായിരുന്നു. ഒക്ടോബര്‍ ഒമ്പതിന് കാലാവധി കഴിഞ്ഞ മഹാജന്റെ ജോലിയുടെ കോണ്‍ട്രാക്റ്റ് പുതുക്കാന്‍ കമ്പനി തയ്യാറാവുന്നില്ല. വിവരങ്ങള്‍ തുറന്ന് പറയാന്‍ മഹാജന് കോടതി വിലക്ക ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Exit mobile version