ക്രിസ്മസ് ആഘോഷത്തിന് ദുരന്ത പര്യവസാനം; വിനോദസഞ്ചാര കേന്ദ്രത്തിലെ ബാറ്ററി കാറിടിച്ച് രണ്ടു വയസുകാരന് ദാരുണാന്ത്യം; ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് പരാതി

ഹൈദരാബാദ് സ്വദേശി മുഹമ്മദ് സിദ്ദീഖിന്റെ മകന്‍ മുഹമ്മദ് ഒമര്‍ സിദ്ദീഖ് അഹമ്മദാണ് അപകടത്തില്‍ മരിച്ചത്.

ഹൈദരാബാദ്: ക്രിസ്മസ് ആഘോഷിക്കാനായി മൃഗശാലയിലെത്തിയ കുടുംബത്തിന് കണ്ണീരായി ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറിടിച്ച് രണ്ടുവയസ്സുകാരന്റെ മരണം. ഹൈദരാബാദ് സ്വദേശി മുഹമ്മദ് സിദ്ദീഖിന്റെ മകന്‍ മുഹമ്മദ് ഒമര്‍ സിദ്ദീഖ് അഹമ്മദാണ് അപകടത്തില്‍ മരിച്ചത്. ഹൈദരാബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലാണ് സംഭവം. ക്രിസ്മസ് അവധി ആഘോഷിക്കാനാണ് മുഹമ്മദ് സിദ്ദീഖും കുടുംബവും മൃഗശാലയിലെത്തിയത്. അവധി ദിവസമായതിനാല്‍ മൃഗശാലയില്‍ നല്ല തിരക്കായിരുന്നു.

രണ്ടുവയസുകാരന്‍ കളിക്കുന്നതിനിടെ വഴിയെത്തിയ ബാറ്ററി കാര്‍ കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ ഹരിയെ ബഹാദുര്‍പുര പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവസമയം ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വാഹനത്തിന് വേഗത കുറവായിരുന്നിട്ടും ഡ്രൈവര്‍ ബ്രേക്ക് ചവിട്ടാതിരുന്നത് സംശയകരമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഉച്ചയ്ക്ക് 2.30ന് ശേഷം ബാറ്ററി കാറുകള്‍ സര്‍വ്വീസ് നടത്തരുതെന്നാണ് മൃഗശാലയിലെ നിയമം. സന്ദര്‍ശകരുടെ തിരക്ക് കണക്കിലെടുത്താണ് ബാറ്ററി വാഹനങ്ങള്‍ക്ക് ഈ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.

Exit mobile version