യുപിയില്‍ ഇലക്ട്രിക് ബസ് വഴിയാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞ് കയറി ആറ് മരണം

കാന്‍പൂര്‍ : ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ നിയന്ത്രണം വിട്ട ഇലക്ട്രിക് ബസ് വഴിയാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞ് കയറി ആറ് മരണം. ടാറ്റ്മില്‍ ക്രോസ്‌റോഡിന് സമീപം ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസ് റോഡിലുണ്ടായിരുന്ന മൂന്ന് കാറുകളും നിരവധി ബൈക്കുകളും ഇടിച്ച് തകര്‍ത്ത ശേഷം ഒടുവില്‍ ഒരു ട്രക്കില്‍ ഇടിച്ചാണ് നിന്നത്. സംഭവത്തില്‍ ഒരു ട്രാഫിക് ബൂത്തും തകര്‍ന്നു. സംഭവശേഷം ബസ് ഡ്രൈവര്‍ ഓടി രക്ഷപെട്ടതായി കാന്‍പൂര്‍ പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ പ്രമോദ് കുമാര്‍ അറിയിച്ചു.

അപകടം നടന്നയുടന്‍ പോലീസ് സംഘം സ്ഥലത്തെത്തുകയും അപകടത്തില്‍ പെട്ട വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ളവര്‍ ഖേദം പ്രകടിപ്പിച്ചു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അര്‍പ്പിക്കുന്നതായി പ്രസിഡന്റ് റാം നാഥ് കോവിന്ദും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തു.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version