മറുകണ്ടം ചാടില്ല, ‘ജയിച്ചാല്‍ പാര്‍ട്ടിക്കൊപ്പം തന്നെ ഉറച്ച് നില്‍ക്കും’; ഗോവയില്‍ സ്ഥാനാര്‍ത്ഥികളെ അമ്പലത്തിലും പള്ളികളിലും എത്തിച്ച് സത്യം ചെയ്യിപ്പിച്ച് കോണ്‍ഗ്രസ്

2017 ലെ പോലെ എംഎല്‍എമാര്‍ കൂട്ടത്തോടെ മറുകണ്ടം ചാടുന്നത് ആവര്‍ത്തിക്കാതിരിക്കാന്‍ ഗോവയില്‍ തികച്ചും വ്യത്യസ്തമായ നടപടിയുമായി കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥികളില്‍ ആരും കൂറുമാറാതിരിക്കാന്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സത്യം ചെയ്യിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. തെരഞ്ഞടുപ്പില്‍ ജയിച്ചാല്‍ പാര്‍ട്ടിക്കൊപ്പം തന്നെ ഉറച്ച് നില്‍ക്കുമെന്ന് പ്രതിജ്ഞയാണ് സ്ഥാനാര്‍ത്ഥികളെ കൊണ്ട് കോണ്‍ഗ്രസ് എടുപ്പിച്ചിരിക്കുന്നത്.

36 സ്ഥാനാര്‍ഥികളേയാണ് ഇതുവരെ പ്രഖ്യാപിച്ചത്. ഇവരെ എല്ലാവരെയും അമ്പലത്തിലും പള്ളികളിലും എത്തിച്ച് സത്യം ചെയ്യിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. പനജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലും കൊങ്കണിയിലെ ബാംബോലിം ക്രോസിലും ബെറ്റിമിലെ ഒരു മുസ്ലിം പള്ളിയിലും എത്തിയ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം അടുത്ത അഞ്ച് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് പ്രതിജ്ഞയെടുത്തു.

also read: ‘കൊച്ചിയിലേക്ക് തിരിക്കാന്‍ തയ്യാറായിരുന്നോളൂ’; നിര്‍ണായ വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറിനോട് പോലീസ്

‘തങ്ങള്‍ 36 പേരും മഹാലക്ഷ്മി ദേവിയുടെ കാല്‍ക്കല്‍… ഞങ്ങള്‍ക്ക് ടിക്കറ്റ് തന്ന കോണ്‍ഗ്രസ് പാര്‍ട്ടിയോട് വിശ്വസ്തരായി തുടരുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ ഏത് സാഹചര്യത്തിലും പാര്‍ട്ടിക്കൊപ്പമുണ്ടാകും എന്നും പ്രതിജ്ഞ ചെയ്യുന്നു’ എന്നായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സത്യവാചകം.

ദൈവത്തെ ഭയപ്പെടുന്ന ആളുകളാണ് തങ്ങളെന്നും അതിനാലാണ് കൂറുമാറില്ലെന്ന് പ്രതിജ്ഞയെടുക്കുന്നത്. തങ്ങളുടെ എംഎല്‍എമാരെ വേട്ടയാടാന്‍ ഒരു പാര്‍ട്ടിയെയും അനുവദിക്കില്ലെന്നും ചടങ്ങിന് ശേഷം ഗോവ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവുമായ ദിഗംബര്‍ കാമത്ത് പ്രതികരിച്ചു. ഗോവയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം, ദിനേശ് ഗുണ്ടറാവു, ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍ തുടങ്ങിയവരും സ്ഥാനാര്‍ഥികളെ അനുഗമിച്ചിരുന്നു.

Exit mobile version