മുത്തലാഖ് ബില്‍ നാളെ ലോക്‌സഭയില്‍; സഹകരിക്കാമെന്ന് കോണ്‍ഗ്രസ്

മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് ഈ മാസം പതിനേഴിനാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

ന്യൂഡല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നാളെ ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യും. പാസാക്കാനാണ് ബിജെപി നീക്കം നടത്തുന്നത്. ബില്ലില്‍ സഹകരിക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. നാളെ സഭയില്‍ ഹാജരാകാന്‍ എംപിമാര്‍ക്ക് ബിജെപി വിപ്പു നല്‍കി. അണ്ണാ ഡിഎംകെയുടെ പിന്തുണയും ബിജെപി തേടി.

മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് ഈ മാസം പതിനേഴിനാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. നാളെ ബില്ല് ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ സഹകരിക്കാം എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചയില്‍ പങ്കെടുത്താലും ബില്ലിനെ കോണ്‍ഗ്രസ് ഇന്നത്തെ നിലയ്ക്ക് പിന്തുണയ്ക്കില്ല എന്ന് പ്രഖ്യാപിച്ചിരുന്നു. സഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമുണ്ട്.

എന്നാല്‍ അവധിക്കാലത്ത് അംഗങ്ങള്‍ സഭയില്‍ വരാതിരുന്നാല്‍ ബിജെപിക്ക് തിരിച്ചടിയാവും. രണ്ട് എംപിമാര്‍ അടുത്തിടെ രാജിവച്ചതോടെ ബിജെപി അംഗസംഖ്യ 269 ആയി സഭയില്‍ കുറഞ്ഞു. എന്‍ഡിഎ അംഗങ്ങളുടെ പിന്തുണ കൂടി ബിജെപിക്കു കിട്ടുമെങ്കിലും ആശയക്കുഴപ്പം ഒഴിവാക്കാന്‍ 37 പേരുള്ള അണ്ണാ ഡിഎംകെയുടെ സഹകരണവും ബിജെപി തേടിയിട്ടുണ്ട്.

Exit mobile version