‘ചെങ്കോട്ടയുടെ അവകാശി ഞാന്‍, വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് യുവതി; ഇത്രയും വര്‍ഷം എന്തുചെയ്യുകയായിരുന്നെന്ന് കോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയുടെ പിന്തുടര്‍ച്ചാവകാശം അവകാശപ്പെട്ട് യുവതി രംഗത്ത്. അവസാന മുഗള്‍ രാജാവായിരുന്ന ബഹദൂര്‍ഷാ രണ്ടാമന്റെ ചെറുമകന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് സുല്‍ത്താന ബീഗമാണ് കോടതിയെ സമീപിച്ചത്.
സുല്‍ത്താനയുടെ ഹര്‍ജി കോടതി തള്ളി.

ചെങ്കോട്ടയുടെ നിയമപരമായ പിന്തുടര്‍ച്ചാവകാശം തനിക്കാണെന്നാണ് സുല്‍ത്താന ബീഗം അവകാശപ്പെട്ടത്. സുല്‍ത്താന ബീഗത്തിന്റെ ഭര്‍ത്താവായ മിര്‍സ മുഹമ്മദ് ബദര്‍ 1980ലാണ് മരിച്ചത്. 1857ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നിയമവിരുദ്ധമായി ചെങ്കോട്ട പിടിച്ചെടുക്കുകയായിരുന്നെന്ന് സുല്‍ത്താന ബീഗം കോടതിയില്‍ വാദിച്ചു. ചെങ്കോട്ട തനിക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കണം, അല്ലെങ്കില്‍ നിയമവിരുദ്ധമായി കോട്ട പിടിച്ചെടുത്തതിന് നഷ്ടപരിഹാരം നല്‍കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ഹര്‍ജി ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കാലതാമസം ചൂണ്ടിക്കാട്ടി തള്ളി- ‘എന്റെ ചരിത്ര വിജ്ഞാനം പരിമിതമാണ്. 1857ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിങ്ങളോട് അനീതി ചെയ്തുവെന്ന് നിങ്ങള്‍ പറയുന്നു. എന്നിട്ടും അവകാശവാദമുന്നയിക്കാന്‍ 150 വര്‍ഷത്തിലധികം കാലതാമസമുണ്ടായത് എന്തുകൊണ്ടാണ്? ഇത്രയും വര്‍ഷം എന്തുചെയ്യുകയായിരുന്നു?’- എന്നാണ് ജസ്റ്റിസ് രേഖ പാല്ലി ചോദിച്ചത്.

Exit mobile version