‘ധീരഹൃദയരുടെ ത്യാഗത്തിന് ആദരവ് അര്‍പ്പിക്കുന്നു’; ഇന്ത്യാ ഗേറ്റില്‍ മുഴങ്ങി ബിപിന്‍ റാവത്തിന്റെ അവസാന സന്ദേശം

ന്യൂഡല്‍ഹി: ‘ഇന്ത്യന്‍ സായുധസേനയിലെ ധീരഹൃദയരുടെ ത്യാഗത്തിന് ആദരവ് അര്‍പ്പിക്കുന്നു. എല്ലാ ധീര സൈനികര്‍ക്കും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു’ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ അവസാന സന്ദേശം പുറത്തുവന്നു.

ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെടുന്നതിന് തൊട്ടുമുന്‍പത്തെ ദിവസം ഔദ്യോഗിക പരിപാടിക്കായി റെക്കോര്‍ഡ് ചെയ്ത വീഡിയോ സന്ദേശമാണ് ഇന്ത്യാഗേറ്റില്‍ മുഴങ്ങിയത്.

‘സ്വര്‍ണിം വിജയ് പര്‍വ്’ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലേക്കായി ഡിസംബര്‍ ഏഴിന് റെക്കോര്‍ഡ് ചെയ്ത വീഡിയോ സന്ദേശം ഡല്‍ഹിയിലെ ഇന്ത്യാഗേറ്റില്‍ നടന്ന പരിപാടിയില്‍ കേള്‍പ്പിച്ചു. സ്വര്‍ണിം വിജയ് പര്‍വില്‍ ധീര യോദ്ധാക്കളെ സ്മരിച്ചുകൊണ്ടുള്ള സന്ദേശമാണ് ബിപിന്‍ റാവത്തിന്റെ വീഡിയോയിലുള്ളത്.

‘ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തില്‍ ഇന്ത്യ നേടിയ വിജയത്തിന്റെ അമ്പതാം വാര്‍ഷികം നാം ആഘോഷിക്കുകയാണ്. ഇന്ത്യന്‍ സായുധ സേനയുടെ വീര്യം ഞാന്‍ ഓര്‍ക്കുന്നു, ഇന്ത്യന്‍ സായുധസേനയിലെ ധീരഹൃദയരുടെ ത്യാഗത്തിന് ആദരവ് അര്‍പ്പിക്കുന്നു. എല്ലാ ധീര സൈനികര്‍ക്കും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ധീരരായ ഇന്ത്യന്‍ സൈനികരുടെ വീര്യവും ത്യാഗവും അനുസ്മരിക്കുന്ന വിവിധ പരിപാടികളും ഡിസംബര്‍ 12 മുതല്‍ 14 വരെ ഇന്ത്യാ ഗേറ്റില്‍ സംഘടിപ്പിക്കുമെന്നത് അഭിമാനാര്‍ഹമാണ്. സ്വര്‍ണിം വിജയ് പര്‍വ് അടയാളപ്പെടുത്തി ഈ ചടങ്ങ് ആഘോഷിക്കാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു’, എന്നാണ് ബിപിന്‍ റാവത്ത് വീഡിയോയില്‍ പറയുന്നത്.

കൂനൂരില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുന്നതിന് ഒരു ദിവസം മുമ്പ് ഡിസംബര്‍ ഏഴിനാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തതെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്ത പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ജനറല്‍ ബിപിന്‍ റാവത്തിന്റെ പോരാട്ടവീര്യത്തെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. അദ്ദേഹത്തിന്റെ അസാന്നിധ്യം തന്നെ ബാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഡിസംബര്‍ എട്ടിന് കൂനൂരിന് സമീപം നടന്ന ഹെലികോപ്ടര്‍ അപകടത്തിലാണ് സംയുക്ത സേനാ മേധാവിയും ഭാര്യയും ഉള്‍പ്പെടെ 13 പേര്‍ മരണപ്പെട്ടത്. ഔദ്യോഗിക യാത്രയ്ക്കിടെയായിരുന്നു അപകടം.

Exit mobile version