അനുശോചനമറിയിച്ച് ലോകരാജ്യങ്ങള്‍ : ജനറല്‍ ബിപിന്‍ റാവത്തിന്റെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെത്തിക്കും

ന്യൂഡല്‍ഹി : കൂനൂറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച പ്രഥമ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന് അനുശോചനമറിയിച്ച് ലോകരാജ്യങ്ങള്‍. അമേരിക്ക, യുകെ, ചൈന,റഷ്യ, ജര്‍മനി, ഓസ്‌ട്രേലിയ, ഫ്രാന്‍സ്,യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ഇസ്രയേല്‍, പാകിസ്താന്‍, സിംഗപ്പൂര്‍, നേപ്പാള്‍ തുടങ്ങിയ നിരവധി ലോകരാജ്യങ്ങള്‍ ഇന്ത്യയെ അനുശോചനം അറിയിച്ചു. സ്വന്തം രാജ്യത്തെ സേവിക്കുകയും ഇന്ത്യ-യുഎസ് പ്രതിരോധ ബന്ധത്തിന് തന്റേതായ സംഭാവനകള്‍ നല്‍കുകയും ചെയ്ത അസാമാന്യ നേതാവായി ജനറല്‍ റാവത്തിനെ ഓര്‍ക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ട്വീറ്റ് ചെയ്തു.

അതേസമയം ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിത റാവത്തിന്റെയും ഭൗതിക ശരീരം ഇന്ന് ഡല്‍ഹിയിലെത്തിക്കും. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ വ്യോമസേനയുടെ വിമാനത്തിലാണ് മൃതദേഹം ഡല്‍ഹിയിലെത്തിക്കുക. നാളെ ഔദ്യോഗിക വസതിയില്‍ രാവിലെ 11 മുതല്‍ 2 മണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും. കാമരാജ് മാര്‍ഗില്‍ നിന്നും വിലാപയാത്രയായി മൃതദേഹം ഡല്‍ഹി കന്റോണ്‍മെന്റിലെത്തിച്ചശേഷം ബ്രോര്‍ സ്‌ക്വയറില്‍ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാര ചടങ്ങുകള്‍. അപകടത്തില്‍ മരിച്ച 13 പേരുടെയും മൃതദേഹങ്ങള്‍ ഇന്ന് രാവിലെ എട്ടിന് വെല്ലിംഗ്ടണ്‍ സൈനിക ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

ഹെലികോപ്റ്റര്‍ അപകടത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് പാര്‍ലമെന്റില്‍ ഔദ്യോഗിക വിശദീകരണം നല്‍കുമെന്നാണ്‌ വിവരം. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവസ്ഥലത്ത് വ്യോമസേന ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങി.

Exit mobile version