ഡല്‍ഹിയില്‍ അക്ബര്‍ റോഡിന്റെ പേര് മാറ്റി ജനറല്‍ റാവത്തിന്റെ പേരിടണമെന്ന് ബിജെപി നേതാവ്

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ പ്രശസ്തമായ അക്ബര്‍ റോഡിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി നേതാവ്. ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ജനറല്‍ ബിബിന്‍ റാവത്തിന്റെ പേര് റോഡിനിടണമെന്നാണ് ബിജെപി അംഗം നവീന്‍ കുമാര്‍ ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിനയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

റാവത്തിന് നല്‍കാവുന്ന ഏറ്റവും വലിയ ആദരവാണതെന്നാണ് നവീന്റെ വാദം. അക്ബര്‍ അതിക്രമിയാണെന്നും ഇതൊരു പ്രധാന റോഡ് ആയതിനാല്‍ ജനറല്‍ റാവത്തിന്റെ പേരിടണമെന്നും കത്തിലുണ്ട്. ആവശ്യത്തോട് അനുകൂല സമീപനമാണെന്നാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വൈസ് ചെയര്‍പേഴ്‌സണ്‍ സതീഷ് ഉപാധ്യായ അറിയിച്ചിരിക്കുന്നത്. ഒരുപാടാളുകള്‍ റോഡിന്റെ പേര് മാറ്റണമെന്നാവശ്യപ്പെടുന്നതായി സമൂഹമാധ്യമങ്ങളില്‍ കണ്ടുവെന്നും കോര്‍പ്പറേഷന്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

അക്ബര്‍ റോഡിന്റെ പേര് മാറ്റണമെന്ന് കുറച്ച് നാളുകളായി ആവശ്യമുയരുന്നുണ്ട്. റോഡിന്റെ പേര് മഹാറാണ പ്രതാപ് റോഡ് എന്നാക്കണമെന്നാവശ്യപ്പെട്ട് നേരത്തേ മന്ത്രി വി കെ സിങ് കത്തയച്ചിരുന്നു. റോഡിന്റെ പേര് കാണാനാവാത്ത വിധം സൂചനാ ബോര്‍ഡില്‍ പോസ്റ്ററുകളും മറ്റും ഹിന്ദു സേന ഒട്ടിക്കുകയും ബോര്‍ഡില്‍ സാമ്രാട്ട് ഹേമു വിക്രമാദിത്യ മാര്‍ഗ് എന്നാക്കുകയും ചെയ്തിട്ടുണ്ട്.

ഡല്‍ഹിയിലെ വിവിഐപി മേഖലയാണ് അക്ബര്‍ റോഡ്. കോണ്‍ഗ്രസ് ഓഫീസും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വസതിയും ഈ റോഡിലാണ്.

Exit mobile version