സൈനിക മേധാവിയുടെ മരണത്തിൽ സന്തോഷം പ്രകടിപ്പിച്ചു; വിദ്യാർത്ഥിക്കും റെയിൽവെ ജീവനക്കാരനും എതിരെ നടപടിക്ക് സാധ്യത

ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ധീരസൈനികരും മൃതിയടഞ്ഞ ഹെലികോപ്റ്റർ അപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. ഇതിനിടെ സൈനിക മേധാവിയുടെ മരണത്തിൽ സന്തോഷം പ്രകടിപ്പിച്ച് ചിലർ രംഗത്തെത്തിയതും ചർച്ചയാവുകയാണ്. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാർത്ഥിയായ രാം പബഹരൻ സംയുക്ത സൈനിക മേധാവി ജനറൽ റാവത്തിന്റെ മരണം ആഘോഷമാക്കി ട്വീറ്റ് ചെയ്തത് ഏറെ വിവാദമാവുകയാണ്.

ജനറൽ ബിപിൻ റാവത്തിന്റെ വീരമൃത്യു ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെയാണ് ‘ സ്വവർഗ ലൈംഗികതയെ എതിർക്കുന്ന വൃത്തികെട്ട മനുഷ്യൻ മരിച്ചു’ എന്ന ട്വീറ്റ് പബഹരൻ പങ്കുവെച്ചത്. ഒപ്പം ചിരിയ്ക്കുന്ന ഇമോജികളും ഉൾപ്പെടുത്തിയിരുന്നു.

ട്വീറ്റ് വലിയ എതിർപ്പുകളും ക്ഷണിച്ച് വരുത്തിയതോടെ വിഷയത്തിൽ ഇൻസ്റ്റിറ്റ്യൂട്ട്
അന്വേഷണം നടത്തി നടപടി കൈക്കൊള്ളുമെന്ന് ഡൽഹി ഐഐടി ഡയറക്ടർ പ്രൊഫസർ വി രാമഗോപാൽ റാവു അറിയിച്ചു. രാജ്യത്തിന്റെ അഭിമാനമായ ഒരു ധീര സൈനികന്റെ അത്യന്തം ദാരുണവും തീരെ പ്രതീക്ഷിക്കാത്തതുമായ വിയോഗത്തിൽ ഒരു രാജ്യം മുഴുവൻ വിലപിക്കുന്ന ഈ വേളയിൽ ആർക്കും ഇത്തരത്തിൽ പെരുമാറാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Read Also- ആചാരം ലംഘിച്ച് ബീഫ് കഴിച്ചു; 24 ആദിവാസി യുവാക്കൾക്ക് ഊരുവിലക്ക്; ഭാര്യയും മക്കളുമായും ബന്ധം വിച്ഛേദിച്ചു

നേരത്തെ റെയിൽവേയിൽ ഉദ്യോഗസ്ഥനായ പ്രഭാൽ ചാറ്റർജി എന്ന ട്വിറ്റർ അക്കൗണ്ടുടമയും സമാനരീതിയിലുള്ള അഭിപ്രായം പങ്കുവെച്ച് വിവാദം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്.

എല്ലാ ‘ഫാസിസ്റ്റുകൾ’ക്കും ദാരുണമായ മരണം ആശംസിക്കുന്ന ചാറ്റർജിയുടെ ട്വീറ്റിൽ ‘ഒരു ഫാസിസ്റ്റിനും സ്വാഭാവിക മരണം സംഭവിക്കരുത്. അവരുടെ യുദ്ധ കുറ്റങ്ങൾക്ക് ഉത്തരവാദികളായി അവരെ തൂക്കിലേറ്റണം’എന്നാണ് ട്വീറ്റ് ചെയ്തത്. ഇതിനിടെ, ഈ ട്വീറ്റിന്റെ പേരിൽ പ്രഭാൽ ചാറ്റർജിയെ മധുരയിൽ വച്ച് അറസ്റ്റ് ചെയ്തതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹെലികോപ്റ്റർ അപകടത്തെ ഉടൻ വരാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തിയ തീർഥരാജ് ധർ എന്ന വിദ്യാർത്ഥിക്കെതിരെയും ബംഗളൂരു പോലീസ് നടപടി എടുക്കുമെന്നാണ് സൂചന.

തമിഴ്‌നാട് സർക്കാരിനേയും ഹെലികോപ്റ്റർ അപകടത്തേയും ബന്ധിപ്പിച്ച് ട്വീറ്റ് ചെയ്ത മാരിദാസ് എന്ന യൂട്യൂബറെ കഴിഞ്ഞ ദിവസം തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Exit mobile version