ഗുജറാത്തിലും ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചു: രാജ്യത്ത് മൂന്ന് പേര്‍ക്ക് രോഗബാധ

അഹമ്മദാബാദ്: കര്‍ണാടകയ്ക്ക് പിറകേ ഗുജറാത്തിലും ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്ന് എത്തിയ ആള്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തിലെ ജാംനഗര്‍ സ്വദേശിയായ 72 കാരനാണ് അസുഖം സ്ഥിരീകരിച്ചത്. ഇദ്ദേഹം സിംബാബ്വെയില്‍ നിന്ന് എത്തിയതാണ്. പൂനെ ലാബിലേക്ക് സാംപിള്‍ പരിശോധിക്കാന്‍ അയച്ചിട്ടുണ്ട്.

ഇതോടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം മൂന്നായി. നേരത്തെ കര്‍ണാടകയില്‍ വിദേശിയടക്കം രണ്ടു പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. അതിനിടെ കോവിഡ് വ്യാപനം തടയണമെന്ന് ആവശ്യപ്പെട്ട് കേരളം അടക്കം നാലു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തെഴുതി. കേരളം, തമിഴ്നാട്, ജമ്മുകശ്മീര്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കത്തെഴുതിയത്.

കഴിഞ്ഞയാഴ്ച്ചയാണ് സിംബാവേയില്‍ നിന്നും മൂന്ന് പേരാണ് സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയത്. രണ്ട് പേരുടെ പരിശോധന ഫലം ഇതുവരേയും ലഭ്യമായിട്ടില്ല. ഇതിനകം റിപ്പോര്‍ട്ട് ചെയ്ത രണ്ട് ഒമിക്രോണ്‍ കേസുകള്‍ ബംഗ്‌ളൂരുവിലാണ്. 66 കാരനായ ദക്ഷിണാഫ്രിക്കന്‍ പൗരനും ബംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ 46 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ മാസമാണ് ദുബായ് വഴി ദക്ഷിണാഫ്രിക്കന്‍ പൗരന്‍ ബംഗ്‌ളൂരുവിലെത്തുന്നത്. അതേസമയം ഒമിക്രോണ്‍ സ്ഥിരീകരിച്ച ഡോക്ടര്‍ വിദേശ യാത്ര നടത്തിയിട്ടില്ല. ഇരുവരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരുന്നവരാണ്. രണ്ടുപേര്‍ക്ക് ചെറിയ തോതിലുള്ള രോഗലക്ഷണമേ ഉള്ളൂ. വിദേശ യാത്ര നടത്തിയിട്ടില്ലാത്ത ഡോക്ടര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നതാണ്.

രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം നടന്നു കൊണ്ടിരിക്കുകയാണെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ഡോക്ടറുടെ യാത്രാ പശ്ചാത്തലം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തും.

Exit mobile version