അറിവ് തേടി യാത്ര! ചോദ്യത്തിന് ശരിയുത്തരം നൽകിയാൽ ഈ ഓട്ടോയിൽ സവാരി തികച്ചും സൗജന്യം; വ്യത്യസ്തനായി സുരഞ്ജൻ

കൊൽക്കത്ത: അറിവ് നേടാനും ഉള്ള അറിവിനെ പുതുക്കാനുമായി പുതിയ തന്ത്രവുമായി നിരത്തിലുണ്ട് ഈ ഓട്ടോക്കാരൻ. സുരഞ്ജൻ കർമാക്കർ എന്ന ഈ ഓട്ടോറിക്ഷ ഡ്രൈവർ തൊഴിലിനിടയിലും പരമാവധി അറിവ് കരസ്ഥമാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

താൻ ഓടിക്കുന്ന ഇ-ഓട്ടോറിക്ഷയിലെ യാത്രക്കാരോട് ചോദ്യം ചോദിച്ചാണ് സുരഞ്ജൻ തന്റെ അറിവ് പുതുക്കുന്നത്. ജനറൽ നോളജ് ചോദ്യങ്ങളാണ് ചോദിക്കുക. ഉത്തരം പറയുന്നവർക്ക് ഓട്ടോറിക്ഷയിൽ യാത്ര ഫുൾ ഫ്രീയുമാണ്. ഹൗറയിലെ ലിലുവയിലാണ് ഇദ്ദേഹം ഓട്ടോ ഓടിക്കുന്നത്.

അദ്ദേഹത്തിന്റെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത സങ്കലൻ സർക്കാർ എന്ന വ്യക്തി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റ് വൈറലായതോടെയാണ് സുരഞ്ജൻ കർമാക്കറെ കുറിച്ച് പുറംലോകമറിഞ്ഞത്. സങ്കലൻ സുരഞ്ജൻറെ ഓട്ടോയിൽ യാത്രക്ക് കയറിയ അനുഭവമാണ് ഫേസ്ബുക്കിൽ കുറിച്ചത്.

നിങ്ങൾക്ക് 15 ജനറൽ നോളജ് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുമെങ്കിൽ ഞാൻ നിങ്ങളിൽനിന്ന് യാത്രാനിരക്ക് ഈടാക്കില്ല- എന്നാണ് സുരഞ്ജൻ പറയുന്നതെന്ന് സർക്കാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ആറാം ക്ലാസിൽ പഠിക്കുമ്പോൾ പഠനം നിർത്തേണ്ടി വന്ന കാര്യവും സുരഞ്ജൻ കർമാക്കർ സങ്കലനോട് പങ്കുവെച്ചു. എന്നാൽ അതൊന്നും തന്റെ അറിവിനോടുള്ള ദാഹം കുറച്ചില്ലെന്നും ഇപ്പോഴും അത് തുടരുകയാണെന്നും അദ്ദേഹം പറയുന്നു. ലിലുവാ ബുക്ക് ഫെയർ ഫൗണ്ടേഷനിലെ അംഗമായ കർമാക്കർ തൻറെ റിക്ഷയിൽ ടിപ്പുസുൽത്താൻ അടക്കമുള്ള ചരിത്ര പുരുഷൻമാരുടെ ചിത്രങ്ങളും പതിപ്പിച്ചിട്ടുണ്ട്.

Exit mobile version