32ാം വയസിൽ കരസേനയിൽ ഓഫീസറായി ജ്യോതി; നിറവേറ്റിയത് ഭർത്താവിന്റെ അന്ത്യാഭിലാഷം; അഭിമാന നിമിഷം

മരണക്കിടക്കയിൽ വെച്ച് സൈനികനായ ഭർത്താവ് പറഞ്ഞ വാക്ക് പാലിക്കാനായി കഠിനധ്വാനം ചെയ്ത് ഒടുവിൽ 32ാം വയസിൽ കരസേനയിൽ ഓഫീസറായി ചേർന്നിരിക്കുകയാണ് ജ്യോതി എന്ന ഈ യുവതി. വീട്ടമ്മയായി ഒതുങ്ങിക്കഴിഞ്ഞിരുന്ന ജ്യോതി നൈവാൾ ഒടുവിൽ കഠിനമായി പരിശ്രമിച്ചാണ് സൈന്യത്തിൽ ഓഫീസർ പദവിയിലെത്തിയിരിക്കുന്നത്.

ചെന്നൈയിൽ നടന്ന ഓഫീസേഴ്‌സ് പാസിങ് ഔട്ട് പരേഡിലാണ് ഡെറാഡൂണിൽ നിന്നുള്ള ജ്യോതി നൈവാൾ താരമായത്. 2018 ൽ കാശ്മീരിലെ സൈനിക നടപടിക്കിടെയാണു ജ്യോതിയുടെ ഭർത്താവ് നായിക് ദീപക് നൈവാൾ ഭീകരരുടെ വെടിയേറ്റു വീരമൃത്യു വരിച്ചത്.

ഭർത്താവ് ദീപകിന്റെ വിയോഗമാണ് 2018ൽ അഞ്ചും എട്ടും വയസുള്ള മക്കളുടെ അമ്മയായി ഒതുങ്ങിക്കഴിഞ്ഞ ജ്യോതിയുടെ നിയോഗം മാറ്റിയെഴുതിയത്. ഭർത്താവ് ദീപകിന് മരണക്കിടക്കയിൽ നൽകിയ വാക്കുപാലിക്കാനായാണ് ജ്യോതി സൈനിക കുപ്പായമണിഞ്ഞത്.

ഡൽഹിയിലെ സൈനിക ആശുപത്രിയിൽ ദുരുതരാവസഅഥയിൽ ചികിത്സയിലായിരുന്ന ദീപക് ആവശ്യപ്പെട്ടത് തനിക്കു ശേഷം ഭാര്യ രാജ്യത്തെ സേവിക്കണമെന്നായിരുന്നു. ദീപകിന്റെ മരണശേഷം പ്രയാസമേറിയ എഴുത്തുപരീക്ഷയ്ക്കും അതിലേറെ കഠിനമായ കായിക പരീക്ഷയ്ക്കും ജ്യോതി തയ്യാറാടെുത്തു. മുന്നിൽ മൂന്നുതവണ തോറ്റു പതറിയ ജ്യോതി പക്ഷേ നാലാം തവണ വാക്കുപാലിച്ചു.

പിന്നീട് ചെന്നൈയിൽ ഒരു വർഷം നീണ്ട കഠിന പരിശീലനക്കാലം. പുലർച്ചെ മൂന്നരയ്ക്കു എണീറ്റായിരുന്നു ജ്യോതിയുടെ കായിക പരിശീലനം. ഇംഗ്ലീഷ് പഠിക്കാനായും മാസങ്ങൾ ചെലവഴിച്ചു. മൂന്നുതലമുറകളായി സൈനിക സേവനം ചെയ്യുന്ന നൈവാൾ കുടുംബത്തിലെ ആദ്യ സൈനിക ഓഫീസർ കൂടിയാണ് ജ്യോതി.

Exit mobile version