ക്ഷേത്രത്തിന് മുഴുവന്‍ സ്ഥലവും ദാനം ചെയ്തില്ല; മധ്യപ്രദേശില്‍ കുടുംബത്തിന് വിലക്ക്; ഗോമൂത്രം കുടിയ്ക്കാന്‍ പഞ്ചായത്തിന്റെ നിര്‍ദേശം

ഭോപ്പാല്‍: ക്ഷേത്രത്തിന് മുഴുവന്‍ സ്ഥലവും ദാനം ചെയ്യാത്തതിന്റെ പേരില്‍
കുടുംബത്തിന് വിലക്ക് ഏര്‍പ്പെടുത്തി. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. ഹിര ലാല്‍ ഘോശി എന്ന വയോധികനും കുടുംബത്തിനുമാണ് പഞ്ചായത്തിന്റെ ഭ്രഷ്ടും ഉപദ്രവവും.

സമുദായത്തിലേക്ക് തിരികെ വരണമെങ്കില്‍ ഗോമൂത്രം കുടിക്കാനും താടി വടിച്ച് തലയില്‍ ചെരുപ്പ് വഹിച്ചുകൊണ്ട് തെരുവിലൂടെ നടക്കാനും പഞ്ചായത്ത് നിര്‍ദേശിച്ചു.
സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ഹിര ലാല്‍. ക്ഷേത്ര നിര്‍മാണത്തിന് തന്റെയും കുടുംബത്തിന്റെയും സ്ഥലം ആവശ്യപ്പെട്ടപ്പോള്‍ മുതല്‍ തുടങ്ങിയ പ്രശ്‌നമാണിതെന്ന് ഇദ്ദേഹം പറയുന്നു. ക്ഷേത്ര നിര്‍മാണത്തിന് സ്ഥലത്തിന്റെ ഒരു ഭാഗം നല്‍കിയിരുന്നു.

എന്നാല്‍ മുഴുവന്‍ സ്ഥലവും വേണമെന്നാണ് പഞ്ചായത്ത് അംഗങ്ങള്‍ ആവശ്യപ്പെട്ടത്. ഇത് ഹിര ലാലും കുടുംബവും സമ്മതിച്ചില്ല. ഇതോടെ ഇദ്ദേഹത്തിന്റെ കുടുംബത്തിന് ഭ്രഷ്ട് കല്‍പ്പിച്ചു. ഹിര ലാലിന്റെ കുടുംബവുമായുള്ള ബന്ധത്തിന് നാട്ടുകാര്‍ക്ക് വിലക്കേര്‍പ്പെടുത്തി. എന്നാല്‍ പഞ്ചായത്ത് കൂട്ടം ഊരു വിലക്ക് പ്രഖ്യാപിച്ചത് ഹിര ലാല്‍ ഫോണില്‍ റെക്കോഡ് ചെയ്തു.

ഇത് പഞ്ചായത്ത് നേതാക്കളെ പ്രകോപിതരാക്കി. ഇതിന് ശിക്ഷയായി സ്ഥലം വിട്ടു നല്‍കുന്നതിനൊപ്പം ശുദ്ധീകരണത്തിനായി പശുവിന്റെ മൂത്രം കുടിക്കണമെന്നും ചെരിപ്പ് തലയില്‍ വെച്ച് നടക്കണമെന്നും ആവശ്യപ്പെട്ടെന്ന് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ കലക്ടര്‍ ഫ്രാങ്ക് നൊബേല്‍ പറഞ്ഞു. പരാതി ശരിയാണെന്ന് കണ്ടെത്തിയാല്‍ നിയമാനുസൃതമായി ഉചിതമായ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

Exit mobile version