വീട്ടിലെ ഭക്ഷണം വേണമെന്ന് അനില്‍ ദേശ്മുഖ്, ആദ്യം ജയിലിലെ ഭക്ഷണം കഴിക്കൂ എന്ന് കോടതി

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ അറസ്റ്റിലായ മഹാരാഷ്ട്രാ മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സ്‌പെഷ്യല്‍ കോടതിയില്‍ ദേശ്മുഖിനെ ഹാജരാക്കിത്.

കോടതിയില്‍ ഹാജരാക്കിയ ദേശ്മുഖ് വീട്ടിലെ ഭക്ഷണം ആവശ്യപ്പെട്ടപ്പോള്‍ ആദ്യം ജയിലിലെ ഭക്ഷണം കഴിക്കാന്‍ ആയിരുന്നു കോടതിയുടെ ഉപദേശം. കഴിക്കുന്നില്ലെങ്കില്‍ പരിഗണിക്കാമെന്നും കോടതി ദേശ്മുഖിന് മറുപടി നല്‍കി
അതേസമയം, ജയിലില്‍ കിടക്ക വേണമെന്ന ആവശ്യം ആരോഗ്യസ്ഥിതി പരിഗണിച്ച് കോടതി അംഗീകരിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നവംബര്‍ രണ്ടിനാണ് മഹാരാഷ്ട്രാ മുന്‍ ആഭ്യന്തരമന്ത്രി ആയിരുന്ന ദേശ്മുഖ് അറസ്റ്റിലാകുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ 12 മണിക്കൂബര്‍ ചോദ്യംചെയ്ത ശേഷമായിരുന്നു അറസ്റ്റ്.

മുംബൈ പോലീസ് മുന്‍ കമ്മീഷണര്‍ പരംബീര്‍ സിങ് അഴിമതി ആരോപണം ഉന്നയിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്. സിബിഐ അദ്ദേഹത്തിനെതിരേ ഏപ്രിലില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീടാണ് ഇഡിയും അന്വേഷണം തുടങ്ങിയത്.

ആഭ്യന്തര മന്ത്രിപദം ദുരുപയോഗം ചെയ്ത് ബാര്‍ – ഹോട്ടല്‍ ഉടമകളില്‍ നിന്ന് പ്രതിമാസം നൂറ് കോടി രൂപ പിരിച്ചുകൊടുക്കണമെന്ന് ദേശ്മുഖ് ആവശ്യപ്പെട്ടുവെന്നായിരുന്നു ആരോപണം. ഇതില്‍ 4.70 കോടിരൂപ പിരിച്ചെടുത്തുവെന്ന ആരോപണവും അദ്ദേഹം നേരിടുന്നുണ്ട്.

സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയുടെ സഹായത്തോടെ പണപ്പിരിവ് നടത്തിയെന്നാണ് ആരോപണം. എന്നാല്‍ ദേശ്മുഖ് ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ഉണ്ടായത്. കളങ്കിതനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരായ അന്വേഷണമെന്നാണ് അദ്ദേഹം പറയുന്നത്.

Exit mobile version