പോലീസുകാരെ ഉപയോഗിച്ച് പണപ്പിരിവ്: സിബിഐ അന്വേഷണത്തിന് പിന്നാലെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി രാജിവച്ചു

മുബൈ: പോലീസുകാരോട് പണപ്പിരിവ് നടത്താന്‍ ആവശ്യപ്പെട്ടെന്ന സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖ് രാജിവച്ചു. പാര്‍ട്ടി നേതാവ് നവാബ് മാലിക്കാണ് രാജിവച്ചന്ന കാര്യം അറിയിച്ചത്. രാജിക്കത്ത് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കൈമാറി.

അനില്‍ ദേശ്മുഖിനെതിരെ മുംബൈ മുന്‍ പോലീസ് മേധാവി പരംബീര്‍ സിങ് നടത്തിയ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് രാജി.

ഹോട്ടലുകളിലും ബാറുകളിലും നിന്ന് 100 കോടി രൂപ പ്രതിമാസം പിരിയ്ക്കാന്‍ ആവശ്യപ്പെട്ടെന്നാണ് പരാതി. മുംബൈ മുന്‍ പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ്ങാണ് കോടതിയെ സമീപിച്ചത്.

15 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ആഭ്യന്തരമന്ത്രിക്കെതിരെയുള്ള ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിവിധ കക്ഷികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമായ ദീപാങ്കര്‍ ദത്ത, ജിഎസ് കുല്‍ക്കര്‍ണി എന്നിവരാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

നിയമനത്തിലും സ്ഥലംമാറ്റത്തിലും മന്ത്രി കൈക്കൂലി വാങ്ങിയെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം തുടര്‍ അന്വേഷണം ആവശ്യമാണെങ്കില്‍ സിബിഐക്ക് മുന്നോട്ട് പോകാമെന്നും കോടതി നിര്‍ദേശിച്ചു. മുകേഷ് അംബാനിക്കെതിരെയുള്ള ഭീഷണിക്കേസില്‍ അറസ്റ്റിലായ പോലീസ് ഓഫിസര്‍ സച്ചിന്‍ വസെയോട് പ്രതിമാസം 100 കോടി പിരിച്ചു നല്‍കാന്‍ അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്നാണ് പരംബീര്‍ സിങ് ആരോപിച്ചത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് നല്‍കിയ കത്തിലാണ് ആരോപണം. എന്നാല്‍, ആരോപണം അനില്‍ ദേശ്മുഖ് തള്ളിയിരുന്നു.

Exit mobile version