ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റ സംഭവം: വണ്‍പ്ലസ് നഷ്ടപരിഹാരം നല്‍കി

മുംബൈ: വണ്‍പ്ലസ് ഫോണ്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവിന് വണ്‍പ്ലസ് മൊബൈല്‍ കമ്പനി നഷ്ടപരിഹാരം നല്‍കിയതായി റിപ്പോര്‍ട്ട്. ഔദ്യോഗികമായി വണ്‍പ്ലസ് ഇത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വിവിധ ദേശീയ മാധ്യമങ്ങള്‍ കമ്പനി നഷ്ടപരിഹാരം നല്‍കിയതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

വണ്‍പ്ലസ് നോര്‍ഡ് 2 5ജി ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക് പറ്റിയത് വലിയ വാര്‍ത്തയായിരുന്നു. പോക്കറ്റിലിരുന്ന വണ്‍ പ്ലസിന്റെ നോര്‍ഡ് 2 ഫോണ്‍ പൊട്ടിത്തെറിച്ചതായി ആരോപിച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവാവ് രംഗത്ത് എത്തിയത്. സുഹിത്ശര്‍മ്മ എന്ന യുവാവിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പൊള്ളലേറ്റ ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തു.

‘നിങ്ങളില്‍ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, #OnePlusNord2Blast നിങ്ങളുടെ ഉത്പന്നം എന്താണ് ചെയ്തതെന്ന് കാണുക. അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാവുക. ആളുകളുടെ ജീവിതവുമായി കളിക്കുന്നത് നിര്‍ത്തുക…’- ഇതായിരുന്നു യുവാവിന്റെ ട്വീറ്റ്. പൊട്ടിത്തെറിച്ച വണ്‍പ്ലസ് ഫോണിനൊപ്പം പരിക്കേറ്റ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഫോണിന്റെ വലതുവശം കത്തിയ നിലയിലാണ്.

ഇത്തരം സംഭവങ്ങളെ ഞങ്ങള്‍ ഗൗരവമായി കാണുന്നു. ഞങ്ങളുടെ സംഘം ഉപയോക്താവിനെ സമീപിച്ചിട്ടുണ്ടെന്നും വണ്‍പ്ലസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം യുവാവിന്റെ ചികിത്സാ ചിലവും, ഫോണിന്റെ തുകയും വണ്‍പ്ലസ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ വണ്‍പ്ലസ് വിശദമായ അന്വേഷണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇതുപോലെ മുന്‍പ് മറ്റൊരു ട്വിറ്റര്‍ ഉപയോക്താവും വണ്‍പ്ലസ് നോര്‍ഡ് 2 പൊട്ടിത്തെറിച്ചതായി അവകാശപ്പെടുകയും പിന്നീട് പൊട്ടിത്തെറിച്ച ഹാന്‍ഡ്‌സെറ്റിന്റെ ഫോട്ടോകളൊന്നും അപ്ലോഡ് ചെയ്യാതെ പോസ്റ്റ് നീക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വാദം തെറ്റാണെന്നും പൊട്ടിത്തെറിച്ചത് വണ്‍പ്ലസ് ഫോണ്‍ അല്ലെന്നും കമ്പനി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Exit mobile version