പ്രളയബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തി സ്റ്റാലിന്‍: ദുരന്തബാധിതര്‍ക്ക് ഭക്ഷണവും കിറ്റുകളും നല്‍കി മുഖ്യമന്ത്രി

ചെന്നൈ: മഴക്കെടുതിയിലായ തമിഴ്‌നാട്ടിലെ പ്രദേശങ്ങള്‍ നേരിട്ടെത്തി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

സ്റ്റാലിന്‍ ദുരന്തബാധിതര്‍ക്ക് ഭക്ഷണവും ദുരിതാശ്വാസ കിറ്റുകളും വിതരണം ചെയ്തു. ചെന്നൈയില്‍ മഴക്കെടുതി രൂക്ഷമായ പേരമ്പൂര്‍, ആര്‍കെ നഗര്‍ അടക്കമുള്ള തീരപ്രദേശങ്ങളിലും റോയപുരം അടക്കമുള്ള സ്ഥലങ്ങളിലുമാണ് സ്റ്റാലിന്‍ നേരിട്ടെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

അടിയന്തരമായി ഒരു ലക്ഷത്തോളം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് തമിഴ്നാട് ആരോഗ്യ, കുടുംബക്ഷേമ മന്ത്രി എംഎ സുബ്രഹ്‌മണ്യന്‍ പറഞ്ഞു. ചെന്നൈയുടെ വിവിധ ഭാഗങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.


കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ മഴയാണ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്നത്. ഇതിനകം നാലുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ചെന്നൈ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നതിനെ തുടര്‍ന്ന് മഴക്കെടുതി ബാധിച്ച പ്രദേശങ്ങളില്‍ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത രണ്ട് ദിവസവും ചെന്നൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളായ വെളാച്ചേരി, വ്യാസര്‍പ്പാടി, പെരമ്പലൂര്‍ തുടങ്ങിയ മേഖലകളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഇരുന്നൂറോളം ക്യാംപുകളിലായി നൂറുകണക്കിന് കുടുംബങ്ങളാണ് കഴിയുന്നത്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് എന്നീ നാല് ജില്ലകളില്‍ ഇന്ന് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version