ബിജെപി നേതാക്കളെ തൊട്ടാൽ കണ്ണ് ചൂഴ്ന്നെടുക്കും; കർഷകരെ ഭീഷണിപ്പെടുത്തി ബിജെപി എംപി

ന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകർക്ക് നേരെ ഭീഷണിയുമായി ബിജെപി എംപി അരവിന്ദ് ശർമ്മ. കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ കോൺഗ്രസുകാരാണെന്നും ബിജെപി നേതാക്കളെ ‘തൊട്ടാൽ’ കണ്ണ് ചൂഴ്ന്നെടുക്കുമെന്നുമാണ് എംപിയുടെ ഭീഷണി. കഴിഞ്ഞ ദിവസം മുൻ മന്ത്രി മനീഷ് ഗ്രോവറെ കർഷകർ തടഞ്ഞസംഭവത്തോട് പ്രതികരിക്കവെയാണ് എംപി മന്ത്രി അരവിന്ദ് ശർമ്മ രൂക്ഷമായ ഭാഷയിൽ പ്രതികരണം നടത്തിയത്.

‘മനീഷ് ഗ്രോവറെ ആരെങ്കിലും എതിർത്താൽ അവരുടെ കൈ വെട്ടും, കണ്ണ് ചൂഴ്ന്നെടുക്കും,’ എംപി പറഞ്ഞു. പാർട്ടി പൊതുയോഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കേദാർനാഥ് ക്ഷേത്രത്തിൽ നിന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിന്റെ ലൈവ് ടെലികാസ്റ്റ് കാണാൻ ക്ഷേത്രത്തിൽ പോയ ബിജെപി നേതാക്കളെ കർഷകർ കഴിഞ്ഞ ദിവസം വളഞ്ഞിരുന്നു. കർഷകർ രൂപീകരിച്ച വലയം ഭേദിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും മുൻ മന്ത്രി മനീഷ് ഗ്രോവറെ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ പ്രതിഷേധക്കാർ ആറ് മണിക്കൂറോളം വളഞ്ഞുവെച്ചു.

കർഷകർക്കെതിരെ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചതിന് ഗ്രോവർ മാപ്പ് പറയണമെന്നതായിരുന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് വീണ്ടും വിവാദം കത്തിച്ച് ബിജെപി രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version