ഡല്‍ഹിയില്‍ വീണ്ടും വായുമലിനീകരണം; ബിജെപി മനഃപൂര്‍വം പടക്കം പൊട്ടിച്ചെന്ന് എഎപി മന്ത്രി

ന്യൂഡല്‍ഹി: വീണ്ടും രാജ്യ തലസ്ഥാനം പുകമഞ്ഞ് നിറഞ്ഞ് വായുമലിനീകരണത്തില്‍ തളരുമ്പോള്‍ വിഷയത്തില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി ബിജെപിയും ആംആദ്മിയും. ദീപാവലിക്ക് പടക്കം നിരോധിച്ചിട്ടും ബിജെപി പ്രവര്‍ത്തകര്‍ മനപ്പൂര്‍വം ജനങ്ങളെ പടക്കം പൊട്ടിക്കാനായി പ്രേരിപ്പിച്ചുവെന്ന് ഡല്‍ഹി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാല്‍ റായി ആരോപിച്ചു. കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നതും മലിനീകരണത്തിന് കാരണമാണെന്ന് ഗോപാല്‍ റായി പറഞ്ഞു. വെള്ളിയാഴ്ച ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന മലിനീകരണ നിരക്കാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

‘വലിയൊരു വിഭാഗം ജനങ്ങള്‍ ഈ ദീപാവലി സീസണില്‍ പടക്കം പൊട്ടിച്ചില്ല. അവര്‍ക്ക് നന്ദി പറയുകയാണ്. പക്ഷെ ചിലര്‍ മനപ്പൂര്‍വം പടക്കം പൊട്ടിച്ചു. ബിജെപിയാണ് അവരെക്കൊണ്ട് അത് ചെയ്യിച്ചത്’ – ഗോപാല്‍ റായി പറഞ്ഞു. നഗരത്തിന്റെ അടിസ്ഥാന മലിനീകരണ തോത് മാറ്റമില്ലാതെ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, മന്ത്രിയുടെ ആരോപണങ്ങള്‍ക്കെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version