ഇന്ന് ദീപങ്ങളുടെ ആഘോഷമായ ദീപാവലി; കോവിഡിന് ശേഷം ആഘോഷം തകൃതി

രാജ്യം ഇന്ന് അന്ധകാരത്തിനു മേൽ പ്രകാശം വിജയം നേടിയതിന്റെ പ്രതീകമായ ദീപാവലി ആഘോഷത്തിൽ. പ്രകാശത്തിന്റെ ഉത്സവമായ ഇന്ന് പടക്കം പൊട്ടിച്ചും, ദീപം തെളിയിച്ചും, മധുരം നല്‍കിയും ആഘോഷിക്കുകയാണ് നാടും നഗരവും.

തിന്‍മയ്‌ക്ക് മേല്‍ നന്‍മ നേടിയ വിജയമാണ് ദീപാവലിയായി ആഘോഷിക്കുന്നത്. മനുഷ്യമനസ്സുകളിലെ അന്ധകാരത്തെ അകറ്റി വെളിച്ചം കൊണ്ടുവരുക എന്നതാണ് ദീപാവലി നല്‍കുന്ന സന്ദേശം.

ആശ്വനി മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശിയാണ് ദീപാവലിയായി ആഘോഷിക്കുന്നത്. മലയാളത്തിലത് തുലാമാസത്തിലാഘോഷിക്കുന്നു.

പുരാണത്തില്‍ ശ്രീരാമന്‍ തന്റെ പതിനാല് വര്‍ഷത്തെ വനവാസത്തിന് ശേഷം അയോധ്യാപുരിയിലേക്ക് വന്ന പുണ്യദിനത്തിൽ ലക്ഷദീപങ്ങളാല്‍ ജനങ്ങള്‍ സ്വന്തം രാമനെ ആനയിച്ചതാണ് ദീപാവലി ആഘോഷത്തിന് പിന്നിലെന്നാണ് ഐതിഹ്യം. അഹങ്കാരിയും ക്രൂരനുമായ നരകാസുരനെ ശ്രീകൃഷ്ണന്‍ നിഗ്രഹിച്ചു എന്നതാണ് ദീപാവലിയുമായി ബന്ധപ്പെട്ടുള്ള മറ്റൊരു വിശ്വാസം.

എണ്ണ തേച്ച് കുളി, കോടി വസ്ത്രങ്ങള്‍ ധരിക്കല്‍, മധുര പലഹാരങ്ങള്‍ വിതരണം ചെയ്യല്‍, പടക്കം പൊട്ടിക്കല്‍ എന്നിവയെല്ലാം ദീപാവലി ആഘോഷത്തിന്റെ ഭാഗമാണ്. പക്ഷെ ഇത്തവണ കേരളത്തിൽ ഉൾപ്പടെ പലയിടത്തും പടക്കത്തിന് നിരോധനമുണ്ട്.

Exit mobile version