പ്രതിഷേധം ശക്തമായി, ഇന്ധനവില കുറച്ച് കേന്ദ്രം: പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയും

ന്യൂഡല്‍ഹി: ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചു. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയും.

പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. ഇന്ധന വിലയില്‍ ഈ വര്‍ഷത്തെ റെക്കോര്‍ഡ് വര്‍ധനവിനു ശേഷമാണ് ഇപ്പോള്‍ വില കുറയുന്നത്.

ഒക്ടോബറില്‍ പെട്രോള്‍ ലീറ്ററിന് 7.82 രൂപയും ഡീസല്‍ 8.71 രൂപയുമാണ് കൂടിയത്. ഇതിനു മുന്‍പ് ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത് ഫെബ്രുവരിയിലാണ്. ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് രാജ്യത്തെങ്ങും വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തില്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നവംബര്‍ 9 മുതല്‍ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചിരുന്നു.

അതേസമയംസ ഇന്ധനോത്പാദനം വര്‍ധിപ്പിക്കില്ലെന്ന് ഒപെക് രാജ്യങ്ങള്‍ രാജ്യങ്ങള്‍ അറിയിച്ചതിനാല്‍ വരും ദിവസങ്ങളില്‍ വില കൂടാന്‍ തന്നെയാണ് സാധ്യത.

Exit mobile version