കന്നഡ പവർസ്റ്റാർ പുനീതിന്റെ കണ്ണുകൾ നാല് പേർക്ക് വെളിച്ചമേകും; ശസ്ത്രക്രിയ പൂർത്തിയായി

ബംഗളൂരു: ആരാധകരുടെ ക്ഷേമം അന്വേഷിക്കുന്നതിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്ന പവർ സ്റ്റാർ പുനീത് രാജ്കുമാറിന്റെ അന്ത്യാഭിലാഷം പൂർത്തിയാക്കി. പുനീതിന്റെ എക്കാലത്തേയും ആഗ്രഹം പോലെ അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തിരുന്നു. ഇപ്പോഴിതാ ഈ കണ്ണുകൾ നാല് പേർക്കാണ് കാഴ്ചയേകുന്നത്.

പുനീതിന്റെ രണ്ട് കോർണിയയിലെയും വിവിധ പാളികൾ കാഴ്ചതകരാർ സംഭവിച്ച നാല് രോഗികളിൽ വച്ചുപിടിപ്പിച്ചു. നാരായണ നേത്രാലയ ആശുപത്രിയിൽ കോർണിയ ആൻഡ് റിഫ്രാക്ടീവ് വിഭാഗം മേധാവി ഡോ.ലോഹിത് ഷെട്ടിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

നാരായണ നേത്രാലയയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഡോ.രാജ്കുമാർ നേത്രബാങ്കുകൾ മുഖേനയാണ് കണ്ണുകൾ ദാനം ചെയ്തത്. ഒക്ടോബർ 29നായിരുന്നു കർണാടകയുടെ ഉള്ളുലച്ച് പുനീത് വിടവാങ്ങിയത്.

കന്നഡ സിനിമയിലെ ഇതിഹാസ നടൻ രാജ്കുമാറിന്റെ മകനായ പുനീത് രാജ്കുമാറിന്റെ അകാലവിയോഗം ആരാധകർക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. ഹൃദയാഘാതത്തെ തുടർന്നായിരുന്നു 46കാരനായ പുനീതിന്റെ മരണം.

രാജ്കുമാറ് നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു സിനിമാപ്രവേശം. ‘ബെട്ടാഡ ഹൂവു’വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു. മുതിർന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്കുമാർ അതേ വിളിപ്പേരിലാണ് ആരാധകർക്ക് ഇടയിൽ അറിയപ്പെട്ടിരുന്നതും.

Exit mobile version