‘പവർ സ്റ്റാറിന്റെ’ വിയോഗം; ഹൃദയാരോഗ്യം പരിശോധിക്കാൻ ആശുപത്രിയിലേക്ക് യുവാക്കളുടെ ഒഴുക്ക്

ബംഗളൂരു: കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിന്റെ ഹൃദയാഘാതം സംഭവിച്ചുള്ള അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലിന് പിന്നാലെ ആശുപത്രിയിലേക്ക് യുവാക്കളുടെ ഒഴുക്ക്. ബംഗളൂരുവിലെ ആശുപത്രികളിൽ ഹൃദയാരോഗ്യം പരിശോധിക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്.

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു ഹൃദയാഘാതം വന്ന് പവർസ്റ്റാർ പുനീത് രാജ്കുമാർ വിടപറഞ്ഞത്. ഇതിന് പിന്നാലെയാണ് ആശുപത്രികളിൽ തിരക്കേറിയിരിക്കുന്നത്.

‘കഴിഞ്ഞ മൂന്ന് ദിവസമായി നിരവധി രോഗികളാണ് ആശുപത്രിയിൽ എത്തുന്നത്. ദിവസം ഞങ്ങൾ 1000 രോഗികളെയായിരുന്നു ചികിത്സിച്ചിരുന്നത്. ഇപ്പോൾ ദിവസവും ഏകദേശം 1,800 രോഗികൾ വരുന്നുണ്ട്. ഇത് ഡോക്ടർമാർക്കും നഴ്‌സുമാർക്കും ആശുപത്രി സംവിധാനത്തിനും വലിയ സമ്മർദമാണ് സൃഷ്ടിക്കുന്നത് -ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്‌കുലർ സയൻസസ് ആൻഡ് റിസർച്ച് ഡയറക്ടർ ഡോ. സിഎൻ മഞ്ജുനാഥ് പറഞ്ഞു.

സംസ്ഥാനത്തെ മിക്ക കാർഡിയാക് ഡയഗ്നോസിസ് ആൻഡ് ട്രീറ്റ്മെന്റ് കേന്ദ്രങ്ങളിലും ആശുപത്രികളിലും തിരക്ക് വർധിച്ചിട്ടുണ്ട്. യുവാക്കളാണ് തങ്ങളുടെ ഹൃദയാരോഗ്യം വിലയിരുത്താനായി ഒപി ഡിപാർട്‌മെന്റുകളിൽ എത്തുന്നതെന്ന് മണിപ്പാൽ ഹോസ്പിറ്റൽസിലെ ഡോക്ടർ സുദർശൻ ബല്ലാൽ പറഞ്ഞു.

Exit mobile version