കോടീശ്വരനായ വ്യാപാരിയുടെ ഭാര്യ 47 ലക്ഷം രൂപയുമായി ഓട്ടോഡ്രൈവർക്ക് ഒപ്പം ഒളിച്ചോടി; 33 ലക്ഷം സുഹൃത്തിന്റെ വീട്ടിൽ

ഇന്ദോർ: കോടീശ്വരനായ വ്യാപാരിയുടെ ഭാര്യ 47 ലക്ഷം രൂപയുമായി പരിചയക്കാരനായ ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടി. മധ്യപ്രദേശിലെ ഇന്ദോറിലെ ഖജ്റാന സ്വദേശിയായ വ്യാപാരിയുടെ ഭാര്യയാണ് ഓട്ടോ ഡ്രൈവറായ ഇമ്രാൻ എന്ന യുവാവിനൊപ്പം നാടുവിട്ടത്. സംഭവത്തിൽ വ്യാപാരി പരാതി നൽകിയതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം, യുവതി കൊണ്ടുപോയ 33 ലക്ഷം രൂപ ഇമ്രാന്റെ സുഹൃത്തിന്റെ വീട്ടിൽനിന്ന് കണ്ടെടുത്തു. കഴിഞ്ഞദിവസമാണ് ഒക്ടോബർ 13 മുതൽ ഭാര്യയെ കാണാനില്ലെന്നും ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയെന്നും പറഞ്ഞ് വ്യാപാരി പോലീസിൽ പരാതി നൽകിയത്. ഒപ്പം 47 ലക്ഷം രൂപ കാണാനില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു.

ഓട്ടോഡ്രൈവറുമായി യുവതിക്ക് നാളുകളായി പരിചയമുണ്ട്. വീട്ടിൽനിന്ന് പുറത്തുപോകാനും മറ്റും ഇമ്രാന്റെ ഓട്ടോയാണ് യുവതി വിളിച്ചിരുന്നത്. ഒക്ടോബർ 13-ാം തീയതിയും യുവതി ഓട്ടോയിൽ പുറത്തുപോയിരുന്നു. രാത്രിയായിട്ടും മടങ്ങിവരാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പണം നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്.

ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഖണ്ഡ്വ, ജാവ്റ, ഉജ്ജ്വയിൻ, രത്ലാം തുടങ്ങിയ സ്ഥലങ്ങളിൽ ഇമ്രാൻ പോയിരുന്നതായി കണ്ടെത്തി.

ഇവിടെയെല്ലാം പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ഇമ്രാനെയും യുവതിയെയും കണ്ടെത്താനായില്ല. ഇതിനിടെയാണ് ഇമ്രാന്റെ സുഹൃത്തിനെ ചോദ്യംചെയ്തതും ഇയാളുടെ വീട്ടിൽനിന്ന് 33 ലക്ഷം രൂപ കണ്ടെടുത്തതു. ഓട്ടോഡ്രൈവറെയും യുവതിയെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Exit mobile version