എയര്‍ ഇന്ത്യ സ്വകാര്യവത്കരണം: വ്യോമയാന മേഖലയ്ക്ക് പുതിയ ഊര്‍ജം നല്‍കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ ടാറ്റയ്ക്ക് നല്‍കിയതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈ തീരുമാനം രാജ്യത്തെ വ്യോമയാന മേഖലയ്ക്കു പുതിയ ഊര്‍ജം നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വ്യോമയാന മേഖല പ്രൊഫഷണലായി മുന്നോട്ടുപോകണം എന്നുള്ളതുകൊണ്ടാണ്, സര്‍ക്കാര്‍ സ്വകാര്യവത്കരണ തീരുമാനം കൈക്കൊണ്ടതെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ ഖുശിനഗറില്‍ പുതിയ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ഗൗതമ ബുദ്ധന്റെ അവസാന വിശ്രമ കേന്ദ്രമായ ഖുശിനഗര്‍ ഇപ്പോള്‍ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രമാണ്. ലോകമെങ്ങുമുള്ള ബുദ്ധമത കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് തീര്‍ഥാടന സര്‍ക്യൂട്ട് തുടങ്ങുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണ് പുതിയ വിമാനത്താവളം.

ശ്രീലങ്കയിലെ കൊളംബോയില്‍ നിന്ന് ബുദ്ധമത സന്യാസിമാരും തീര്‍ത്ഥാടകരും ഉള്‍പ്പടെ 125 പേരുമായി പുറപ്പെട്ട വിമാനമാണ് ആദ്യമായി ഖുശിനഗറില്‍ ഇറങ്ങിയത്.

തീര്‍ഥാടനവും ടൂറിസവും വളരുന്നതിന് പുതിയ വിമാനത്താവളം ഉപകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിലൂടെ സാമ്പത്തിക രംഗത്തിന് പുതിയ ഉണര്‍വു ലഭിക്കും. പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാവുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

590 ഏക്കറിലാണ് ഖുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്. ലോകോത്തര സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 260 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.

Exit mobile version