നിരന്തരം വിദ്വേഷ കമന്റുകളും എതിരാളികളെ ആക്ഷേപിക്കലും; ബിജെപി നേതാവിനെ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പോലീസ്

ചെന്നൈ: സോഷ്യൽമീഡിയയിൽ വിദ്വേഷ കമന്റുകൾ പതിവായി പോസ്റ്റ് ചെയ്ത ബിജെപി നേതാവിനെ രാത്രി വീട്ടിൽ കയറി അറസ്റ്റു ചെയ്ത് തമിഴ്‌നാട് പോലീസ്. ബിജെപി സംസ്ഥാന പ്രവർത്തകസമിതി അംഗം കൂടിയായ ആർ കല്യാണരാമനെതിരെയാണ് പോലീസ് നടപടി.

ഇയാൾക്കെതിരെ ഒട്ടേറെ പരാതികൾ ലഭിച്ചിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. ട്വിറ്ററിലടക്കം ഒട്ടേറെ വിദ്വേഷ കമന്റുകൾ ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായിരുന്ന എം കരുണാനിധി അടക്കമുള്ളവരെ അപഹസിച്ചാണ് ഇയാൾ പോസ്റ്റുകൾ ഇട്ടിരുന്നത്.

ധർമ്മപുരിയിലെ ഡിഎംകെ എംപി ഡോ. സെന്തിൽകുമാർ ഉൾപ്പെടെയുള്ളവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. മുസ്‌ലിം വിരുദ്ധ പരാമർശങ്ങളടങ്ങിയ പോസ്റ്റുകളും ഇയാൾ പങ്കുവച്ചിരുന്നു.

വിവിധ സംഘടനകളും വ്യക്തികളും നിരന്തരം പരാതികൾ നൽകിയതോടെയാണ് തമിഴ്‌നാട് പോലീസ് കർശന നടപടി സ്വീകരിച്ചത്. 153എ അടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

Exit mobile version