കർഷകർക്ക് നീതി തേടി പ്രിയങ്ക ഗാന്ധിയുടെ റാലി; മോഡിയുടെ മണ്ഡലത്തിൽ വൻ ജനാവലി

ലക്‌നൗ: കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ച് കയറ്റി ലഖിംപുർ ഖേരിയിൽ ചോരക്കളം സൃഷ്ടിക്കാൻ കൂട്ടുനിന്ന സർക്കാരിന് എതിരെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്. കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ നീതി ആവശ്യപ്പെട്ടാണ് പ്രിയങ്കയുടെ റാലി.

ബിജെപി നേതൃത്വത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും വാരാണസിയിലെ റാലിയിൽ പ്രിയങ്കയ്‌ക്കൊപ്പമുണ്ട്. ‘കിസാൻ ന്യായ്’ റാലിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ പങ്കെടുക്കുന്നുണ്ട്.

ജനങ്ങളെ കൊലപ്പെടുത്തിയ ഒരാളെ സംഭാഷണം നടത്താനായി പോലീസ് ക്ഷണിച്ചുവരുത്തുന്നത് ഒരു രാജ്യത്തും കേട്ടുകേൾവി പോലും ഇല്ലാത്ത സംഭവമാണ്. പ്രധാനമന്ത്രിക്ക് ലോകം മുഴുവൻ സഞ്ചരിക്കാൻ സമയമുണ്ടെന്നും എന്നാൽ രാജ്യത്തെ കർഷകരെ കണ്ട് അവരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ കഴിയില്ലെന്നും പ്രിയങ്ക ആരോപിച്ചു.

കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നതിനു പുറമെ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റവാളിയെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച പ്രിയങ്ക, ലഖിംപുരിലെ ഇരകളുടെ ബന്ധുക്കൾക്ക് നീതി കിട്ടുമെന്നുള്ള പ്രതീക്ഷ ഇല്ലാതായെന്നും പറഞ്ഞു.

Exit mobile version