അർബുദം ബാധിച്ച മകന്റെ വേദന കണ്ടുനിൽക്കാനായില്ല; വിഷം കുത്തിവെച്ച് കൊലപ്പെടുത്തി പിതാവ്; മൂന്നുപേർ അറസ്റ്റിൽ

സേലം: അർബുദ ബാധിതനായ മകനെ വിഷംകുത്തിവച്ച് കൊന്നകേസിൽ അച്ഛൻ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സേലത്തിനടുത്ത് കച്ചുപള്ളി ഗ്രാമത്തിലെ കൂടക്കാരൻ വളവിലെ ലോറി ഡ്രൈവറായ പെരിയസ്വാമി (44), കൊങ്കണാപുരത്തിലെ ലാബ് ടെക്‌നീഷ്യൻ വെങ്കടേഷ് (39), കുരുംപട്ടിയിലെ പ്രഭു എന്നിവരാണ് അറസ്റ്റിലായത്.

പെരിയസ്വാമിയുടെ ഇളയമകൻ വണ്ണത്തമിഴിന് (14) അർബുദം ബാധിച്ചിരുന്നു. കഴിഞ്ഞ വർഷം കളിക്കുന്നതിനിടയിൽ താഴെവീണ വണ്ണത്തമിഴിന്റെ കാലിൽ മുറിവേറ്റു. കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും അർബുദംകാരണം മുറിവ് ഉണങ്ങിയില്ല. ആശുപത്രിയിൽനിന്ന് വീട്ടിൽവന്ന മകൻ വേദനകാരണം കഷ്ടപ്പെടുന്നത് കണ്ട പെരിയസ്വാമിയും കുടുംബാംഗങ്ങളും ഏറെ വിഷമത്തിലായിരുന്നു.

ഇതോടെയാണ് മകനെ വിഷംകുത്തിവെച്ച് കൊല്ലാൻ പെരിയസ്വാമി തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു. വെങ്കടേഷ്, പ്രഭു എന്നിവരുടെ സഹായത്തോടെ മകന്റെ ഞരമ്പിൽ വിഷം കുത്തിവെച്ച് കൊന്നു എന്നാണ് കേസ്.

സംഭവമറിഞ്ഞ ശങ്കഗിരി ഡെപ്യൂട്ടി കമ്മിഷണർ നല്ലശിവത്തിന്റെ നേതൃത്വത്തിലെത്തിയ പോലീസ് മൃതദേഹം കൈപ്പറ്റി പോസ്റ്റ്‌മോർട്ടത്തിനായി സേലം സർക്കാർ ആശുപത്രിയിലേക്കയച്ചു.

പെരിയസ്വാമി, പ്രഭു എന്നിവർ കച്ചുപ്പള്ളി വില്ലേജ് ഓഫീസിൽ കീഴടങ്ങി. കൊങ്കണാപുരം പോലീസ് അവരെ അറസ്റ്റ് ചെയ്തു. പിന്നീട് വേങ്കടേഷിനെയും അറസ്റ്റ് ചെയ്തു.

Exit mobile version