മലബാർ കലാപത്തിൽ കേരളത്തിലെ ജിഹാദികൾ ആയിരക്കണക്കിന് ഹിന്ദുക്കളെ ഇല്ലാതാക്കി; ജിഹാദി ചിന്തകളിൽ നിന്ന് മനഷ്യരാശിയെ മോചിപ്പിക്കണം: യോഗി ആദിത്യനാഥ്

ലഖ്‌നൗ: 1921 ലെ മലബാർ കലാപം വംശീയകലാപമായിരുന്നുവെന്ന വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദുക്കൾക്ക് നേരെ നടത്തിയ ആസൂത്രിക വംശഹത്യയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ ജിഹാദികൾ ആയിരക്കണക്കിന് ഹിന്ദുക്കളെ ഇല്ലാതാക്കി. ആസൂത്രിതമായ ഈ വംശഹത്യ ദിവസങ്ങൾ നീണ്ടുനിന്നു. പതിനായിരക്കണക്കിന് ഹിന്ദുക്കൾ കൊല്ലപ്പെട്ടെന്നാണ് ചില കണക്കുകൾ വ്യക്തമാക്കുന്നതെന്നും യോഗി ആരോപിച്ചു. ആയിരക്കണക്കിന് അമ്മമാരും സഹോദരിമാരും അപമാനിക്കപ്പെട്ടു. ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു. ഹിന്ദുക്കൾ മതപരിവർത്തനത്തിന് വിസ്സമതിച്ചതുകൊണ്ടാണ് ഇത് നടന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

1921 ലെ മലബാർ സമരത്തെ കുറിച്ച് കേന്ദ്ര സർക്കാറിനു കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസിന്റെ (ഐസിസിആർ) സഹകരണത്തോടെ ആർഎസ്എസ് മാസികയായ പാഞ്ചജന്യം സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു യോഗി.

ഖിലാഫത്ത് സമരം പരാജയപ്പെട്ടതിലുള്ള മുസ്‌ലിങ്ങളുടെ രോഷമാണെന്ന് ചിലർ പറയുന്നു. ചിലർ മാപ്പിള കലാപം എന്ന് വിളിക്കുന്നു. ഭൂവുടമകൾക്ക് എതിരെയുള്ള പോരാട്ടമെന്നാണ് ചിലർ പറയുന്നത്. ഭൂവുടുമകൾക്ക് മാത്രം എതിരായുള്ള കലാപമായിരുന്നെങ്കിൽ എന്തിനാണ് നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയതെന്നും യോഗി ചോദിച്ചു.

‘ജിഹാദി ചിന്തകളിൽ നിന്ന് മുഴുവൻ മനുഷ്യരാശിയെയും എങ്ങനെ മോചിപ്പിക്കാമെന്നും മലബാർ വംശഹത്യ ഇനി ആവർത്തിക്കാതിരിക്കാനുള്ള അന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാമെന്നും ചിന്തിക്കേണ്ടതുണ്ട്’-എന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്.ചരിത്രം ശരിയായ ദിശയിൽ മനസ്സിലാക്കേണ്ടതുണ്ടെന്നും ചരിത്രം അറിയാത്ത രാജ്യത്തിന് അതിന്റെ അതിർത്തികൾ സംരക്ഷിക്കാൻ കഴിയില്ലെന്നും യോഗി പരിപാടിയിൽ പറഞ്ഞു. ഇടതുപക്ഷക്കാരും കപട മതേതരവാദികളും ചേർന്നെഴുതിയ ചരിത്രം എപ്പോഴും പ്രീണനങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും ആദിത്യനാഥ് പറഞ്ഞു.

Exit mobile version