62 രൂപയ്ക്ക് വാഹനത്തിൽ ഇന്ധനം അടിക്കാനാകുമോ? ഒന്നിലധികം ഇന്ധനം ഉപയോഗിക്കാൻ സാധിക്കുന്ന വാഹനങ്ങൾ നിരത്തിലെത്തുന്നു; ഉത്തരവ് ഇറക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി

ന്യൂഡൽഹി: ഇന്ധനത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നതിനാൽ രാജ്യത്തെ ഇന്ധന വില കുതിക്കുകയാണ്. ഇത് നിയന്ത്രിക്കുന്നതിനായി ഇന്ത്യയിൽ ഫ്‌ളെക്‌സ് ഫ്യുവൽ എൻജിൻ ഉപയോഗിക്കാൻ കഴിയുന്ന വാഹനങ്ങൾ നിർമ്മിക്കുന്നത് നിർബന്ധമാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഒരു ഇന്ധനത്തിൽ മാത്രം പ്രവർത്തിക്കുന്ന എൻജിനുകളാണ് ഇന്ത്യയിലെ വാഹനങ്ങളിലുള്ളത്. എന്നാൽ, ഭാവിയിൽ ഒന്നിലധികം ഇന്ധനം ഉപയോഗിക്കാൻ കഴിയുന്ന വാഹനങ്ങൾ നിർബന്ധമായും നിർമ്മിക്കാൻ വാഹന കമ്പനികൾക്ക് നിർദേശം നൽകുന്നതായിരിക്കും പുതിയ ഉത്തരവെന്നാണ് വിവരം.

വിഷയത്തിൽ ഉത്തരവ് വൈകാതെ തന്നെ പുറത്തിറക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒന്നിലധികം ഇന്ധനം ഉപയോഗിക്കാൻ സാധിക്കുന്ന വാഹനങ്ങളെയാണ് ഫ്‌ളെക്‌സ്ഫ്യുവൽ വെഹിക്കിൾ എന്ന് അറിയപ്പെടുന്നത്.

വരുന്ന മൂന്ന് അല്ലെങ്കിൽ നാല് മാസത്തിനുള്ളിൽ എല്ലാ വാഹന നിർമ്മാതാക്കളും ഒന്നിലധികം ഇന്ധനം ഉപയോഗിക്കാൻ കഴിയുന്ന ഫ്‌ളെക്‌സ് എൻജിൻ വാഹനങ്ങൾ നിർമിക്കണമെന്ന ഉത്തരവ് ഇറക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

എഥനോൾ അധിഷ്ഠിതമായ ഇന്ധനം അവതരിപ്പിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്. ഒരു ലിറ്റർ പെട്രോളിന് 100 രൂപയ്ക്ക് മുകളിലും ഡീസലിന് 90 രൂപയ്ക്ക് മുകളിലുമാണ് നിലവിലെ വില. എന്നാൽ, എഥനോളിന് ലിറ്ററിന് 62.65 രൂപ മാത്രമാണ് വില.

Exit mobile version