പിഎം കെയേഴ്സ് സര്‍ക്കാര്‍ ഫണ്ടല്ല, കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് പോകുന്നുമില്ല: പ്രധാനമന്ത്രിയുടെ ഓഫിസ്

ന്യൂഡല്‍ഹി: പിഎം കെയേഴ്സ് ഫണ്ട് ഇന്ത്യന്‍ ഗവണ്‍മെന്റ് ഫണ്ടല്ലെന്നും അത് വഴി സമാഹരിച്ച തുക ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് പോകുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍.

വെബ്സൈറ്റ് ഡൊമൈയ്ന്‍, എംബ്ലം, വിലാസം തുടങ്ങിയവയെല്ലാം സര്‍ക്കാറിന്റേതാണെങ്കിലും ദി പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസണ്‍ അസിസ്റ്റന്റ്സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍ ഫണ്ട് (പിഎം കെയേര്‍സ്) സര്‍ക്കാര്‍ ഫണ്ടല്ലെന്ന് ഡല്‍ഹി ഹൈക്കോടതിയെ ആണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസാണ് ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

ഭരണഘടനയുടെ 12ാം അനുഛേദപ്രകാരം ഫണ്ട് സര്‍ക്കാറിന് കീഴിലാക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് വിവരം കൈമാറിയത്. പിഎം കെയേര്‍സ് ഫണ്ട് പൊതുഖജനാവിലേക്ക് ചേര്‍ക്കാനാകില്ലെന്നും ഓഫിസ് അറിയിച്ചു.

ട്രസ്റ്റ് സുതാര്യതയോടെ പ്രവര്‍ത്തിക്കുന്നുവെന്നും അതിന്റെ ഫണ്ട് ഒരു ഓഡിറ്റര്‍ ഓഡിറ്റ് ചെയ്യുന്നുവെന്നും കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നുണ്ട്.

ഫണ്ടിന്റെ സുതാര്യത ഉറപ്പുവരുത്താന്‍ ട്രസ്റ്റിന് ലഭിച്ച ഫണ്ട് വിനിയോഗത്തിന്റെ വിശദാംശങ്ങള്‍ സഹിതം ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ട് ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കുന്നുണ്ടെന്നും പിഎംഒ അണ്ടര്‍ സെക്രട്ടറി പ്രദീപ് കുമാര്‍ ശ്രീവാസ്തവ സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു.

ട്രസ്റ്റിന് ലഭിക്കുന്ന എല്ലാ സംഭാവനകളും ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍, ചെക്കുകള്‍ അല്ലെങ്കില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍ വഴിയാണ് ലഭിക്കുന്നതെന്നും ലഭിച്ച തുക ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ടും ട്രസ്റ്റ് ഫണ്ടിന്റെ ചെലവും ഓഡിറ്റ് ചെയ്ത് വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

വിവരാവകാശം നിയമപ്രകാരം ഫണ്ടിന്റെ വിവരങ്ങള്‍ നല്‍കാന്‍ പറ്റില്ലെന്നുതന്നെയാണ് കേന്ദ്രം ആവര്‍ത്തിക്കുന്നത്. മൂന്നാം കക്ഷിക്ക് വിവരം നല്‍കുന്നത് അനുവദനീയമല്ലെന്നാണ് വാദം.

Exit mobile version