വീടിനകത്ത് കണ്ട പാമ്പുകൾ നിധിയുടെ കാവൽക്കാരാണെന്ന് മന്ത്രവാദി; വീടിനകം മുഴുവൻ കുഴിച്ച് ദമ്പതികൾ; ഒടുവിൽ പോലീസ് സ്‌റ്റേഷനിലും കയറി; മന്ത്രവാദി മുങ്ങി

മൈസൂരു: വീടിനകത്ത് കണ്ട പാമ്പുകൾ ഭൂമിക്കടിയിലെ നിധിയുടെ കാവൽക്കാരാണെന്ന മലയാളി മന്ത്രവാദിയുടെ വാദം വിശ്വസിച്ച് വീടിനകത്ത് കുഴിയുണ്ടാക്കി പൊല്ലാപ്പിലായി ദമ്പതികൾ. മലയാളിയായ മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് വീട്ടിലെ മുറിയിൽ 20 അടി ആഴത്തിൽ ഇവർ കുഴിച്ചത്. മൗസൂരുവിലെ ചാമരാജനഗറിലെ അമ്മനപുര ഗ്രാമത്തിലാണ് അന്ധവിശ്വാസത്തിന്റെ പേരിൽ സംഭവം നടന്നത്.

ഗ്രാമനിവാസിയായ സോമണ്ണയ്ക്കാണ് അബദ്ധം പറ്റിയത്. കുറച്ചുകാലം മുമ്പ് വീട്ടിൽ പാമ്പ് കയറിയിരുന്നു. അതിനെ പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തു. എന്നാൽ, ഏതാനും ദിവസങ്ങൾക്കുശേഷം രണ്ടു പാമ്പുകൾകൂടി വീട്ടിലെത്തി. ഇതോടെ സോമണ്ണ ജ്യോത്സ്യനെ സമീപിച്ചു. തുടർന്ന് ജ്യോത്സ്യൻ കേരളത്തിൽനിന്നുള്ള ഒരു മന്ത്രവാദിയെ കാണാൻ നിർദേശിച്ചു.

ഇയാളാകട്ടെ വീട്ടിനകത്ത് നിധിയുണ്ടെന്നും അതിനു കാവൽനിൽക്കുന്നവയാണ് പാമ്പുകളെന്നും സോമണ്ണയെയും ഭാര്യയെയും വിശ്വസിപ്പിച്ചു. വീട്ടിൽ പാമ്പുകളെ കണ്ട ഭാഗം കുഴിക്കണമെന്നും നിർദേശിച്ചു. തുടർന്ന് മന്ത്രവാദി സോമണ്ണയുടെ വീട്ടിലെത്തി പൂജ നടത്തുകയും ചെയ്തു. ഇതിനുശേഷം ദമ്പതികൾ പാമ്പുകളെ കണ്ട മുറിയിൽ കുഴിയെടുക്കൽ ആരംഭിച്ചു. അയൽക്കാർക്ക് സംശയം ഉണ്ടാക്കാതെ വളരെ രഹസ്യമായിരുന്നു കാര്യങ്ങൾ.

കുഴിയിൽനിന്നുള്ള മണ്ണ് വീട്ടിലെ മറ്റൊരു മുറിയിലാണ് നിക്ഷേപിച്ചത്. കുഴിക്ക് ആഴം കൂടിയതോടെ ഏണിയുടെ സഹായത്തോടെയാണ് മണ്ണ് പുറത്തെത്തിച്ചത്. പക്ഷെ, എന്നിട്ടും മന്ത്രവാദി പറഞ്ഞ നിധി കിട്ടിയില്ല. പറ്റിക്കപ്പെട്ടതാണെന്ന് വ്യക്തമായെങ്കിലും കുഴിയിൽനിന്നുള്ള മണ്ണ് മുറിയിൽ വലിയ കൂമ്പാരമായതോടെ താമസത്തിനു ബുദ്ധിമുട്ടായി മാറി.

പിന്നാലെ വീട്ടിൽനിന്ന് തുടർച്ചയായി കേൾക്കുന്ന കുഴിയെടുക്കലിന്റെ ശബ്ദം കേട്ട് സംശയം തോന്നിയ നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഭാവിയിൽ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടരുതെന്ന് ദമ്പതികൾക്ക് കർശന താക്കീത് നൽകിയാണ് ചാമരാജനഗർ ഈസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ ആനന്ദ് വീടുവിട്ടത്. പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ല.

അതേസമയം, കുഴിയെടുക്കാൻ നിർദേശിച്ച മന്ത്രവാദി മൊബൈൽ ഫോൺ സിച്ച് ഓഫ് ചെയ്ത് മുങ്ങിയിരിക്കുകയാണ്. ഈ കുഴി വലിയ വയ്യാവേലിയായതാകട്ടെ ദമ്പതികൾക്കാണ്.

Exit mobile version