‘അമ്മ ക്രിസ്തു മതത്തിലേക്ക് മാറി, മൊബൈലിലെ റിംഗ് ടോണ്‍ പോലും ക്രിസ്തീയ ഭക്തിഗാനമാക്കി’യെന്ന് ബിജെപി എംഎല്‍എ, മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാനൊരുങ്ങി കര്‍ണാടക

ബംഗളൂരു: തന്റെ മാതാവ് ക്രിസ്തു മതത്തിലേക്ക് മാറിയെന്ന് വെളിപ്പെടുത്തി കര്‍ണാടക എം.എല്‍.എ ഗൂലിഹട്ടി ശേഖര്‍ രംഗത്തെത്തിയിരുന്നു. ഹിന്ദുമത വിശ്വാസികളായ 20000 ത്തോളം പേരെ മതം മാറ്റിയെന്നും ഗൂലിഹട്ടി ശേഖര്‍ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെ കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവന്നേക്കുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. നിയമം കൊണ്ടുവരുന്ന കാര്യം പരിശോധിച്ചുവരികയാണെന്നും ഇത് സംബന്ധിച്ച് കാര്യങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മതപരിവര്‍ത്തന നിരോധനവുമായി ബന്ധപ്പെട്ട് എംഎല്‍എ ഗൂലിഹട്ടി ശേഖര്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കവെയാണ് കര്‍ണാടക ആഭ്യന്തര നിര്‍ണായ നീക്കം സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. അമ്മ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയെന്നും അമ്മയുടെ മൊബൈലിലെ റിംഗ് ടോണ്‍ പോലും ക്രിസ്തീയ ഭക്തിഗാനമാണെന്നും അമ്മയോട് അവര്‍ കുങ്കുമം ധരിക്കരുതെന്ന് നിര്‍ദേശിച്ചുവെന്നും എംഎല്‍എ പറഞ്ഞിരുന്നു.

ഈ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ നിരവധി ബിജെപി നേതാക്കള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നു. മുന്‍ സ്പീക്കര്‍ കെ.ജി ബൊപ്പയ്യ, നാഗ്താന്‍ എംഎല്‍എ ദേവാനന്ദ് എന്നിവരും കര്‍ണാടകയില്‍ മതപരിവര്‍ത്തനം വര്‍ദ്ധിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. ക്രിസ്ത്യന്‍ മിഷനറിമാരാണ് മതപരിവര്‍ത്തനത്തിന് പിന്നിലെന്നാണ് മിക്കവരുടെയും ആരോപണം.

Exit mobile version