ബാങ്കു തട്ടിപ്പുകാരുടെ വിവരങ്ങള്‍ പുറത്തു വിടാതെ മോഡി; പാര്‍ലമെന്റിലും ഒളിച്ചുകളിച്ച് കേന്ദ്രം

കഴിഞ്ഞ ദിവസം ശശി തരൂര്‍ എംപി ഇതെക്കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യം ചോദിച്ചിരുന്നു

രാജ്യത്ത് വിവിധ ബാങ്കുകളെ പറ്റിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടാതെ കേന്ദ്രസര്‍ക്കാര്‍. 2015ല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘു റാം രാജന്‍ ഇവരുടെ വിവരങ്ങളടങ്ങിയ ഒരു കത്ത് പ്രധാമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചിരുന്നു. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ് കമ്മിറ്റിയേയും ഇക്കാര്യം രഘുറാം രാജന്‍ അറിയിച്ചിരുന്നു.

പാര്‍ലമെന്റ് എസ്റ്റിമേറ്റ് കമ്മിറ്റി പറ്റിച്ചവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് മൂന്നു തവണ കത്തയച്ചു. ഒന്നിനും മറുപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം ശശി തരൂര്‍ എംപി ഇതെക്കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യം ചോദിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയില്ല.

പ്രധാനമന്ത്രിയോടാണ് ചോദ്യങ്ങള്‍ ചോദിച്ചിരുന്നതെങ്കിലും ലോക്സഭ സെക്രട്ടറിയേറ്റ് അത് ധനകാര്യമന്ത്രിക്ക് നല്‍കുകയായിരുന്നു. ഗവര്‍ണര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസുകള്‍ എടുത്തിട്ടുണ്ടെന്ന് മാത്രമായിരുന്നു മറുപടി. ബാങ്കുകളുടെ കിട്ടാകടം തിരിച്ചുപിടിക്കാന്‍ മോഡി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളായിരുന്നു പിന്നീട് മറുപടിയില്‍ ഏറെയും

രഘുറാം രാജന്‍ നല്‍കിയ പട്ടികയില്‍ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട 22 ബിസിനസ് ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പാര്‍ലമെന്റില്‍ നിന്നുകൂടി വിവരങ്ങള്‍ മറച്ചുപിടിച്ചതോടെ ഇക്കാര്യത്തിലുള്ള സംശയങ്ങള്‍ വര്‍ധിക്കുകയാണ്‌

Exit mobile version