കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ഗോവയില്‍ അഞ്ച് ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധം

Goa | Bignewslive

പനജി : കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അഞ്ച് ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി ഗോവ. വരുന്നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഉത്തര,ദക്ഷിണ ഗോവ ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.

72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ ആണ് ഹാജരാക്കേണ്ടത്. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ 20 വരെ നീട്ടിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള ക്വാറന്റൈന്‍ ക്രമീകരണങ്ങള്‍ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണമെന്നും ജീവനക്കാരുടെ ക്വാറന്റൈന്‍ ഓഫീസിന്റെ കീഴിലായിരിക്കണമെന്നും രണ്ട് ജില്ലാ കലക്ടര്‍മാരും അറിയിച്ചു. ക്വാറന്റൈന് ശേഷം വീണ്ടുമൊരു ആര്‍ടിപിസിആര്‍ നടത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബാംഗങ്ങള്‍, രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍, അടിയന്തര ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍, മറ്റ് ആവശ്യങ്ങള്‍ക്കായി വന്നുപോകുന്ന യാത്രക്കാര്‍ എന്നിവരെ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Exit mobile version