സ്‌കൂളുകള്‍ തുറന്നതിന് പിന്നാലെ കോവിഡ് വ്യാപനം: തമിഴ്‌നാട്ടില്‍ 30ലധികം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: സ്‌കൂളുകള്‍ തുറന്നതിനു പിന്നാലെ തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത് 30ലധികം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും. സെപ്തംബര്‍ ഒന്ന് മുതലാണ് തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറന്നത്. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് നിലവില്‍ തുറന്നിട്ടുള്ളത്.

സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു.

മുന്‍കരുതലുകള്‍ എടുത്തിട്ടും സ്‌കൂള്‍ തുറന്ന് രണ്ടാം ദിവസം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. വിഷയം നാളെ കളക്ടര്‍മാര്‍ ഉള്‍പ്പെടുന്ന യോഗത്തില്‍ സ്റ്റേറ്റ് ചീഫ് സെക്രട്ടറി ചര്‍ച്ച ചെയ്യും.

നാമക്കല്‍ ജില്ലയിലെ തിരുചെങ്കോട് സര്‍ക്കാര്‍ സ്‌കൂളില്‍ 10ാം ക്ലാസ് വിദ്യാര്‍ത്ഥിക്കും ജയകൊണ്ടത്തെ ഒരു സ്വകാര്യ സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ത്ഥിക്കും കോയമ്പത്തൂര്‍ സുല്‍ത്താന്‍പേട്ടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന മൂന്ന് 9ആം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും ചെന്നൈ അല്‍വാര്‍പേട്ടിലെ ഒരു സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

പുതുച്ചേരിയില്‍ 20 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 16 പേര്‍ നഴ്‌സിംഗ് കോളജ് വിദ്യാര്‍ത്ഥികളും ബാക്കിയുള്ളവര്‍ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമാണ്. ഈ സ്‌കൂളുകളൊക്കെ താത്കാലികമായി അടച്ചു. ഇവിടെ അണുനശീകരണം നടത്തിവരികയാണ്. കോണ്ടാക്ട് ട്രേസിംഗും നടത്തുന്നുണ്ട്.

ഗൂഡല്ലൂരിലെ ഒരു ടീച്ചര്‍ക്കും തിരുപ്പൂരിലെ നാല് ടീച്ചര്‍മാര്‍ക്കും തിരുവണ്ണാമലയിലെ മൂന്ന് ടീച്ചര്‍മാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ചെങ്കല്‍പേട്ട്, കാരൂര്‍, സേലം എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ ജോലിയെടുക്കുന്ന ടീച്ചര്‍മാര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Exit mobile version