ക്ലാസിലിരുന്ന് വിസിലടിച്ചതിന് 40 വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം; പരിക്കേറ്റ് 10 കുട്ടികൾ ആശുപത്രിയിൽ; പരാതിപെട്ടാൽ അധ്യാപികയെ പീഡിപ്പിച്ചെന്ന കേസിൽ അകത്താക്കുമെന്നു അധ്യാപകരുടെ ഭീഷണിയും

ഫത്തേബാദ്: 40 വിദ്യാർഥികളെ അധ്യാപകർ ക്രൂരമായി മർദ്ദിച്ച് അവശരാക്കിയ സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നു. ഹരിയാനയിലെ ഫത്തേബാദ് ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. സാരമായി മർദനമേറ്റ കുട്ടികളിൽ 10 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച്ച രാവിലെയായിരുന്നു സംഭവം.

ക്ലാസിലിരുന്നു ചില കുട്ടികൾ വിസിലടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ആരാണ് വിസിലടിച്ചതെന്ന അധ്യാപകരുടെ ചോദ്യത്തിന് ആരും മറുപടി നൽകിയില്ല. ഇതോടെ ക്ലാസിലുള്ള മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകർ മർദ്ദിക്കുകയായിരുന്നു.

സംഭവത്തിൽ മാഞ്ച് റാം, രജിനി, ചരൺജിത്ത് സിങ് എന്നീ മൂന്ന് അധ്യാപകർക്കെതിരെയാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. മർദ്ദനത്തിന് പുറമെ മൂന്ന് ദളിത് വിദ്യാർത്ഥികൾക്ക് നേരെ ജാതി അധിക്ഷേപം അധ്യാപകർ നടത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.

സംഭവം പുറത്തു പറയാതിരിക്കാൻ അധ്യാപകർ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ അധ്യാപികയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസ് കെട്ടിച്ചമച്ച് വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കുമെന്നാണ് അധ്യാപകർ ഭീഷണിപ്പെടുത്തിയത്. അതേസമയം, അധ്യാപകർക്കെതിരെ കടുത്ത നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version