മതാചാരം ലംഘിക്കില്ലെന്ന് സഫീന; സുരക്ഷാ ലംഘനം അനുവദിക്കില്ലെന്ന് അധികൃതരും; ഒടുവില്‍ ഹിജാബ് ഊരാന്‍ വിസമ്മതിച്ച് നെറ്റ് പരീക്ഷ എഴുതാതെ വിദ്യാര്‍ത്ഥിനി മടങ്ങി

ഇക്കഴിഞ്ഞ 18 ന് പനജിയില്‍ നടന്ന പരീക്ഷയ്ക്കിടെയായിരുന്നു സംഭവം.

പനാജി: സുരക്ഷാ കാരണങ്ങളുടെ പേരിലായാലും മതാചാരം ലംഘിക്കില്ലെന്ന് അറിയിച്ച പെണ്‍കുട്ടിക്ക് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) നെറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാതെ മടക്കം. സഫീന ഖാന്‍ സൗന്ദര്‍ (24) നാണ് ഹിജാബ് ഊരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്നത്. ഇക്കഴിഞ്ഞ 18 ന് പനജിയില്‍ നടന്ന പരീക്ഷയ്ക്കിടെയായിരുന്നു സംഭവം.

പരീക്ഷാ ക്രമക്കേടിനുള്ള സാധ്യത ചൂണ്ടിക്കാട്ടി ഹിജാബ് മാറ്റാന്‍ സഫീനയോട് അധ്യാപകര്‍ ആവശ്യപ്പെട്ടെങ്കിലും മതാചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നതിനാല്‍ വിദ്യാര്‍ത്ഥിനി ഇത് നിഷേധിച്ചു. എന്നാല്‍ സൂപ്പര്‍വൈസര്‍ ഹിജാബ് ഊരിമാറ്റാതെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

എന്നാല്‍ പരീക്ഷ നടക്കുന്നിടത്ത് നിരവധി പുരുഷന്മാരുള്ളതില്‍ തനിക്ക് അവിടെ വെച്ച് ഹിജാബ് മാറ്റാന്‍ കഴിയില്ലെന്നും അത് ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നും പെണ്‍കുട്ടി അറിയിച്ചു. യുജിസി നടത്തുന്ന പരീക്ഷയില്‍ ഹിജാബ് ധരിക്കരുതെന്ന് നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും വിശ്വാസം സംരക്ഷിക്കാനാണ് താന്‍ പരീക്ഷ ഉപേക്ഷിച്ചതെന്നും സഫീന പറഞ്ഞു.

അതേസമയം, യുവതിയുടെ ചെവികള്‍ ഫോട്ടോയിലേത് പോലെ തന്നെയാണോയെന്ന് പരിശോധിക്കാനായിരുന്നു ഹിജാബ് മാറ്റാന്‍ ആവശ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഹിജാബ് മാത്രമല്ല വിവാഹിതരായ ഹിന്ദു യുവതികള്‍ ധരിക്കുന്ന മംഗല്യസൂത്രം ഉള്‍പ്പടെയുള്ള ആഭരണങ്ങളും പരീക്ഷഹാളില്‍ ധരിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് പനജി ഉന്നതവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Exit mobile version