മാരിയപ്പന്‍ തങ്കവേലുവിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട്

ചെന്നൈ: ടോക്കിയോ പാരാലിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ മാരിയപ്പന്‍ തങ്കവേലുവിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

പുരുഷ ഹൈജംപിലാണ് തങ്കവേലു വെള്ളി നേടിയത്. 1.86 മീറ്ററാണ് തങ്കവേലു മറികടന്ന ഉയരം. മഴ ഇല്ലായിരുന്നുവെങ്കില്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയുമായിരുന്നുവെന്ന് മാരിയപ്പന്‍ പറഞ്ഞു.

ഇതേ ഇനത്തില്‍ ഇന്ത്യയുടെ ശരത് കുമാര്‍ വെങ്കലം നേടിയിരുന്നു. തമിഴ്‌നാട് സേലം സ്വദേശിയായ മാരിയപ്പന് ചെറുപ്പത്തിലുണ്ടായ ബസപകടത്തിലാണ് അംഗവൈകല്യം സംഭവിച്ചത്. കഴിഞ്ഞ റിയോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയിരുന്നു മാരിയപ്പന്‍ തങ്കവേലു.

1995 ജൂണ്‍ 28ന് തമിഴ്‌നാട്ടിലെ പെരിയവടഗാംപാട്ടിയിലാണ് മാരിയപ്പന്‍ ജനിച്ചത്. 5ാം വയസ്സില്‍ ഒരു ബസപകടത്തില്‍ വലത് കാല്‍ നഷ്ടപ്പെട്ടു. പച്ചക്കറികള്‍ വിറ്റാണ് മാരിയപ്പന്റെ അമ്മ അവനെ വളര്‍ത്തിയത്.

Exit mobile version