സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

ആരോപണ വിധേയരായ 22 പോലീസുകാരെയും മുംബൈയിലെ സിബിഐ കോടതി വെറുതെ വിട്ടു.

മുംബൈ: സൊഹ്റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ആരോപണ വിധേയരായ 22 പോലീസുകാരെയും മുംബൈയിലെ സിബിഐ കോടതി വെറുതെ വിട്ടു. സൊഹ്‌റാബുദ്ദീന്‍ ശൈഖ്, ഭാര്യ കൗസര്‍ബി, കൂട്ടാളി തുള്‍സിറാം പ്രജാപതി എന്നിവരെ കൊലപ്പെടുത്തിയ കേസിലെ 22 പ്രതികളെയാണ് വെറുതെ വിട്ടത്. പ്രതികള്‍ക്കെതിരെ കൊലപാതകവും ഗൂഢാലോചനയും തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ക്കെതിരായ സാഹചര്യത്തെളിവുകളും ശക്തമല്ലെന്ന് കോടതി പറഞ്ഞു.ഗുജറാത്തില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമുള്ള ജൂനിയര്‍ പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികളില്‍ ഏറെയും.

സര്‍ക്കാര്‍ സംവിധാനങ്ങളും പ്രൊസിക്യൂഷനും വളരെ അധ്വാനിച്ചു. 210 ദൃക്‌സാക്ഷികളെ ഹാജരാക്കി. എന്നാല്‍ തൃപ്തികരമായ തെളിവുകള്‍ കിട്ടിയില്ല. ദൃക്‌സാക്ഷികള്‍ കൂറുമാറി. ദൃക്‌സാക്ഷികള്‍ മൊഴി നല്‍കാത്തതിന് പ്രൊസിക്യുട്ടറെ കുറ്റപ്പെടുത്താനാവില്ലെന്നും പ്രത്യേക കോടതി ജഡ്ജി എസ്‌ജെ ശര്‍മ പറഞ്ഞു

തുളസീ റാം പ്രജാപതിയുടെ കൊലപാതകത്തില്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. പ്രോസിക്യൂഷന്‍ ആരോപണങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താനായില്ലെന്നും കോടതി വിശദീകരിച്ചു.

കഴിഞ്ഞ അഞ്ചിനാണ് വിചാരണ പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്‌ജെ ശര്‍മ മാറ്റിയത്. സൊഹ്‌റാബുദ്ദീനെയും പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലിലും കൗസര്‍ബിയെ പീഡനശേഷം കൊലപ്പെടുത്തിയെന്നുമാണ് കേസ്. കൗസര്‍ബിയുടെ മൃതദേഹം കത്തിച്ച് തെളിവു നശിപ്പിച്ചു.

Exit mobile version