ഭവിന പട്ടേല്‍ ഇന്ത്യയുടെയും ഗുജറാത്തിന്റേയും യശസ് ഉയര്‍ത്തി: 3 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഗുജറാത്ത്

അഹമ്മദാബാദ്: ടോക്യോയില്‍ നടക്കുന്ന പാരാലിമ്പിക് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യയുടെ ഭവിന പട്ടേലിന് 3 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഗുജറാത്ത്. വനിതകളുടെ ടേബിള്‍ ടെന്നിസില്‍ ഭവിന പട്ടേലിന് വെള്ളി മെഡലാണ് ലഭിച്ചത്.

ഭവിന പട്ടേല്‍ ഇന്ത്യയുടെയും ഗുജറാത്തിന്റേയും യശസ് ഉയര്‍ത്തിയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ രൂപാണി പറഞ്ഞു. ദുവ്യാംഗ് ഖേല്‍ പ്രതിഭാ പ്രതോഷന്‍ പുരസ്‌കാര്‍ യോജനയുടെ കീഴിലാണ് ഭവിന പട്ടേലിന് സര്‍ക്കാര്‍ മൂന്ന് കോടി നല്‍കുന്നത്.

ഫൈനലില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം സൂ യിങിനോട് പരാജയപ്പെട്ടാണ് ഭവിന രണ്ടാം സ്ഥാനം നേടിയത്. ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് യിങ് ഭവിനയെ കീഴടക്കിയത്. സ്‌കോര്‍ 3-0.

ടോക്യോ പാരാലിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ ആണിത്. ടേബിള്‍ ടെന്നിസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന റെക്കോര്‍ഡും ഭവിന സ്വന്തമാക്കി.

21ാം വയസ്സില്‍ ടേബിള്‍ ടെന്നിസ് കളിച്ചു തുടങ്ങിയ ഭവിന 2011ല്‍ ലോക രണ്ടാം നമ്പര്‍ താരമായിരുന്നു. തായ്ലന്‍ഡ് ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ പാര ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ് എന്നിവയില്‍ വെള്ളി നേടിയിട്ടുണ്ട്.

ടോക്യോ പാരലിമ്പിക്സില്‍ ക്ലാസ് ഫോര്‍ വിഭാഗം സെമി ഫൈനലില്‍ ലോക മൂന്നാം നമ്പര്‍ താരമായ ചൈനയുടെ മിയാവോ ഷാങ്ങിനെ 3-2ന് (711, 117, 114, 911, 118) തോല്‍പിച്ചായിരുന്നു ഭവിന ഫൈനല്‍ പ്രവേശനം നേടിയത്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ സൂ യിങ്ങനോടാണ് ഭവിന ബെന്‍ പട്ടേല്‍ എതിരിട്ടത്. 19 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 7-11, 5-11, 6-11 എന്ന സ്‌കോറിനായിരുന്നു തോല്‍വി.

Exit mobile version