മുംബൈയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട; ടിവി താരം ഗൗരവ് ദീക്ഷിത് ഉള്‍പ്പടെ അഞ്ചുപേര്‍ അറസ്റ്റില്‍

മുംബൈ: മുംബൈയില്‍ വീണ്ടും നടത്തിയ മയക്കുമരുന്ന് വേട്ടകളില്‍ ടിവി താരം ഉള്‍പ്പടെ അഞ്ചു പേര്‍ അറസ്റ്റില്‍. ടിവി താരമായ ഗൗരവ് ദീക്ഷിതിനെ മുംബൈയിലെ കോടതി തിങ്കളാഴ്ച വരെ എന്‍സിബി കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അന്ധേരിയിലെ വീട്ടില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗൗരവ് ദീക്ഷിതിനെ അന്വേഷിച്ചുവരികയായിരുന്നെന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു.

ഏപ്രില്‍ മൂന്നിനാണ് ദീക്ഷിതിന്റെ വീട്ടില്‍ റെയ്ഡ് നടന്നത്. എന്‍സിബി സംഘം സ്ഥലത്തെത്തുംമുമ്പ് രക്ഷപ്പെട്ട ദീക്ഷിത് അതിനുശേഷം ഒളിവിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താരം അറസ്റ്റിലായത്. മയക്കുമരുന്ന് കേസില്‍ അറസ്റ്റുചെയ്യപ്പെട്ട നടന്‍ അജാസ് ഖാന്‍ നല്‍കിയ മൊഴിയനുസരിച്ചാണ് ദീക്ഷിതിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

മയക്കുമരുന്ന് ഇടപാടുകാരന്‍ ശദാബ് ശൈഖില്‍നിന്നു കിട്ടിയ വിവരമനുസരിച്ചാണ് അജാസ് ഖാനെ അറസ്റ്റുചെയ്തത്. ശനിയാഴ്ച മുംബൈയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ദീക്ഷിതിനെ ജാമ്യംനിഷേധിച്ച് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Exit mobile version