സജ്ജന്‍കുമാറിന്റെ ആവശ്യം തള്ളി, കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്ന് കോടതി

കീഴടങ്ങാനുളള സമയം 2019 ജനുവരി 31 വരെ നീട്ടണമെന്ന് സജ്ജന്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ഡിസംബര്‍ 31നകം കീഴടങ്ങണമെന്ന് അദ്ദേഹത്തോട് കോടതി കഴിഞ്ഞ തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ കീഴടങ്ങാനുളള സമയം 2019 ജനുവരി 31 വരെ നീട്ടണമെന്ന് സജ്ജന്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് കോടതി തള്ളിയിരിക്കുന്നത്.

സിഖ് വിരുദ്ധ കലാപത്തില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചു.ഇതിനെതിരെ അപ്പീല്‍ നല്‍കാനും കുടുംബകാര്യങ്ങളില്‍ ഒത്തുതീര്‍പ്പിലെത്താനുമാണ് കീഴടങ്ങാനുളള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ടതെന്ന് ആഭിഭാഷകന്‍ അനില്‍ ശര്‍മ കോടതിയില്‍ വ്യക്തമാക്കി.

1984ലാണ് സിഖ് കലാപം നടന്നത്. ഇതില്‍ അഞ്ച് സിഖുകാരെ കൊല്ലുകയും ഗുരുദ്വാര കത്തിക്കുകയും ചെയ്ത കേസിലാണ് സജ്ജന്‍കുമാറിന് ജീവപര്യന്തം ശിക്ഷ നല്‍കിയത്.

Exit mobile version