സൂചി രഹിത കോവിഡ് വാക്‌സിന്‍: സൈക്കോവ്ഡി അടുത്തമാസം വിപണിയില്‍; പ്രതിമാസം ഒരു കോടി ഡോസ് ഉല്‍പാദിപ്പിക്കുമെന്ന് സൈഡസ് കാഡില

ന്യൂഡല്‍ഹി: പുതുതായി അനുമതി ലഭിച്ച സൈഡസ് കാഡിലയുടെ സൂചി രഹിത കോവിഡ് വാക്‌സിന്‍ സൈക്കോവ്ഡി അടുത്തമാസം പകുതിയോടെ വിപണിയിലെത്തും. വില അടുത്തയാഴ്ച പ്രഖ്യാപിക്കും.

ഒക്ടോബര്‍ മുതല്‍ പ്രതിമാസം ഒരു കോടി ഡോസ് വാക്‌സീന്‍ ഉല്‍പാദിപ്പിക്കും. ഇതിനായി അഹമ്മദാബാദില്‍ പുതിയ പ്ലാന്റ് സജ്ജമായെന്ന് കമ്പനി എംഡി ഷാര്‍വില്‍ പട്ടേല്‍ അറിയിച്ചു. കോവിഡ് ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്‌സീന് 66 ശതമാനം ഫലപ്രാപ്തി ഉണ്ടെന്നും കമ്പനി വ്യക്തമാക്കി.

ഡിസംബര്‍-ജനുവരി മാസത്തോടെ മൂന്ന്-അഞ്ച് കോടി ഡോസുകള്‍ ഉത്പാദിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ഉല്‍പാദന സാങ്കേതികവിദ്യ കൈമാറ്റത്തെക്കുറിച്ച് മറ്റ് കമ്പനികളുമായി സൈഡസ് കാഡില ചര്‍ച്ചയിലാണ്.

12 വയസുമുതലുള്ളവര്‍ക്ക് സൈകോവ്-ഡി നല്‍കാനാവും. ഒരാള്‍ക്ക് മൂന്ന് ഡോസാണ് നല്‍കേണ്ടത്. ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) വെള്ളിയാഴ്ചയാണ് അടിയന്തര ഉപയോഗ അനുമതി നല്‍കിയത്. അടിയന്തര ഉപയോഗ അനുമതിക്കായി ജൂലൈ ഒന്നിനാണ് കമ്പനി അപേക്ഷ സമര്‍പ്പിച്ചത്.

ഇന്ത്യയില്‍ അന്‍പത് സെന്ററുകളിലാണ് മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടത്തിയത്. കോവിഡിനെതിരേയുള്ള ലോകത്തിലെ ആദ്യത്തെ ഡിഎന്‍എ വാക്‌സിനാണ് സൈകോവ്-ഡി.

Exit mobile version