മായയും റൂബിയും ബോബിയും തിരിച്ചെത്തി; അഫ്ഗാനില്‍ കുടുങ്ങിയ ഡോഗ് സ്‌ക്വാഡ് അംഗങ്ങളെ ഇന്ത്യയിലെത്തിച്ചു

ന്യൂഡല്‍ഹി: താലിബാന്‍ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ കീഴടക്കിയതിന് പിന്നാലെ സ്വന്തം രാജ്യത്തെ പൗരന്‍മാരെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് ഓരോ രാജ്യങ്ങളും.

കഴിഞ്ഞ ദിവസം ഇന്ത്യയും അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസി ജീവനക്കാരെയും കാബൂളില്‍ കുടുങ്ങിയവരെയും വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരികെ ഇന്ത്യയിലെത്തിച്ചിരുന്നു.

മാത്രമല്ല, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ മൂന്ന് സ്‌നിഫര്‍ നായകളും അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയിരുന്നു. മൂന്ന് വര്‍ഷത്തോളം ഐടിബിപി കമാന്‍ഡോമാര്‍ക്കൊപ്പം സേവനം ചെയ്യുകയായിരുന്നു ഇവ.

മായ, റൂബി, ബോബി എന്നീ പ്രത്യേക പരിശീലനം കിട്ടിയ സ്‌നിഫര്‍ നായകളെയാണ് ബുധനാഴ്ച തിരികെയെത്തിച്ചത്. കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ നിയോഗിച്ച 150 അംഗ പാരാമിലിറ്ററി സേനയുടെ ഭാഗമായിരുന്നു ഇവര്‍ മൂന്നുപേരും.

കെ 9 സ്‌നിഫര്‍ ഡോഗ് സ്‌ക്വാഡ് അംഗമാണ് മായയും റൂബിയും ബോബിയും. പഞ്ചകുലയിലെ എന്‍ടി സിഡിയിലാണ് ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. ഒരു തെറ്റുപോലും ഉണ്ടാകാതെ ജോലി ചെയ്യുന്നവരാണ് ഇവയെന്നാണ് ഐടിബിപി ഡോഗ് സ്‌ക്വാഡ് അംഗങ്ങളെ വിശേഷിപ്പിക്കുന്നത്.

ഇന്ത്യന്‍ എംബസിയുടെ പരിസരത്തും മറ്റുമായുള്ള അക്രമസംഭവങ്ങളെ ശക്തമായി നേരിട്ടവര്‍ കൂടിയാണ് ഈ മൂവര്‍ സംഘം.

Exit mobile version