താലിബാൻ തീവ്രവാദികൾ പറയുന്നത് മലയാളമല്ല, ബ്രാവി ഭാഷ; തരൂരിന് മറുപടി ട്വീറ്റ്

ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ തലസ്ഥാനം കീഴടക്കിയ സന്തോഷം പങ്കുവെയ്ക്കുന്ന താലിബാൻ തീവ്രവാദികളിൽ ചിലർ മലയാളവും സംസാരിക്കുന്നുണ്ടെന്ന സംശയത്തിന് മറുപടി. വീഡിയോയിൽ കേൾക്കുന്നത് മലയാളമല്ലെന്നും അഫ്ഗാനിലെ സാഹുൾ പ്രവിശ്യയിൽ താമസിക്കുന്നവർ സംസാരിക്കുന്ന ബ്രാവി ഭാഷയാണിതെന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തയാൾ റിട്വീറ്റ് ചെയ്തുകൊണ്ട് പറഞ്ഞിരിക്കുന്നത്.

താലിബാൻ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ ഭീകരവാദികളിലൊരാൾ നിലത്തിരുന്ന് സന്തോഷത്തോടെ കരയുന്ന വീഡിയോയിലാണ് മലയാളത്തിനോട് സാമ്യതയുള്ള ഭാഷയും കേൾക്കുന്നത്. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ ‘സംസാരിക്കട്ടെ’ എന്ന മലയാളപദത്തോട് സാമ്യമുള്ള ചില വാക്കുകൾ ഇയാളും കൂട്ടത്തിലുമുള്ള മറ്റൊരാളും പറയുന്നത് കേൾക്കാമായിരുന്നു.

ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് രണ്ട് മലയാളികൾ എങ്കിലും താലിബാൻ കൂട്ടത്തിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് കോൺഗ്രസ് എംപി ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നു. ഇതോടെയാണ് താലിബാനിലെ മലയാളി സാന്നിധ്യത്തെ കുറിച്ചുള്ള സംശയങ്ങൾ ഉയർന്നത്.

‘താലിബാനിൽ രണ്ട് മലയാളികളെങ്കിലുമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു ‘സംസാരിക്കട്ടെ’ എന്ന് പറയുന്നയാളും അത് മനസിലാക്കാൻ പറ്റുന്ന ഒരാളും. എട്ടാം സെക്കന്റിനോട് ചേർന്നാണിത്,’ എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. സമാന സംശയവുമായി നിരവധി പേരെത്തിയതോടെയാണ് വിശദീകരണവുമായി വീഡിയോ പോസ്റ്റ് ചെയ്ത റമീസ് എന്ന അക്കൗണ്ട് വിശദീകരണവുമായി എത്തിയത്.

‘കേരളത്തിൽ നിന്നുള്ള ആരും താലിബാനിലില്ല. ഇത് സാഹുൾ പ്രവിശ്യയിലെ ബലോച് ഗോത്രവിഭാഗക്കാരാണ്. ഇവർ ബ്രാവി എന്ന ഭാഷയിലാണ് സംസാരിക്കുന്നത്. തെലുങ്ക്, മലയാളം തുടങ്ങിയ ദ്രാവിഡഭാഷകളുമായി സാമ്യമുള്ള ഭാഷയാണ് ബ്രാവി,’ റമീസിന്റെ പോസ്റ്റിൽ പറയുന്നത്.

Exit mobile version