ഖേല്‍ രത്‌നയില്‍ നിന്ന് രാജീവ് ഗാന്ധിയെ വെട്ടി കേന്ദ്രസര്‍ക്കാര്‍: ഇനി മുതല്‍ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌ക്കാരം

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌ക്കാരത്തിന്റെ പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍. രാജീവ് ഖേല്‍ രത്‌ന പുരസ്‌ക്കാരം ഇനി മുതല്‍ അറിയപ്പെടുക മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌ക്കാരം എന്നായിരിക്കും.

‘ഖേല്‍ രത്ന അവാര്‍ഡിന് മേജര്‍ ധ്യാന്‍ചന്ദിന്റെ പേര് നല്‍കണമെന്ന് നിരവധി അഭ്യര്‍ത്ഥനകള്‍ ലഭിച്ചിരുന്നു. അവരുടെ കാഴ്ചപ്പാടുകള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. അവരുടെ വികാരത്തെ മാനിച്ച്, ഖേല്‍ രത്‌ന അവാര്‍ഡ് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന അവാര്‍ഡ് എന്ന് വിളിക്കപ്പെടും! ജയ് ഹിന്ദ്! ‘ പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ജനങ്ങളില്‍ നിന്ന് നിരവധി അപേക്ഷകള്‍ ലഭിച്ചതുപ്രകാരമാണ് പേരുമാറ്റമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ പേരിലുണ്ടായിരുന്ന പുരസ്‌കാരമാണ് ഹോക്കി മാന്ത്രികനും ഇതിഹാസ താരവുമായ മേജര്‍ ധ്യാന്‍ചന്ദിന്റെ പേരിലാക്കിയത്. കായിക പുരസ്‌ക്കാരത്തിന്റെ പേരുമാറ്റം രാഷ്ട്രീയ പോരിന് കളമൊരുക്കുമെന്നാണ് സൂചന.

Exit mobile version