തമിഴ്‌നാട്ടിലെ 47 ക്ഷേത്രങ്ങളില്‍ ഇനി പൂജകള്‍ തമിഴിലും

TamilNadu | Bignewslive

ചെന്നൈ : തമിഴ്‌നാട്ടിലെ 47 ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ സംസ്‌കൃതത്തിനൊപ്പം തമിഴിലും പൂജ നടത്തും. എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ അവതരിപ്പിച്ച ‘അണ്ണൈ തമിഴില്‍ അര്‍ച്ചനൈ’ യുടെ ഭാഗമായാണ് പരിഷ്‌കരണം.

ക്ഷേത്രങ്ങളിലെ പുരോഹിതന്മാര്‍ക്ക് തമിഴില്‍ പൂജയും അര്‍ച്ചനയും നടത്തുന്നതിനായി പ്രത്യേകം പരിശീലനം നല്‍കിക്കഴിഞ്ഞു. തമിഴില്‍ പൂജ നടത്താനാഗ്രഹിക്കുന്ന ഭക്തരുടെ സൗകര്യാര്‍ഥം പരിശീലനം നേടിയ പൂജാരിമാരുടെ പേരും മൊബൈല്‍ നമ്പറും ക്ഷേത്രങ്ങളുടെ മുന്‍വശത്ത് പ്രദര്‍ശിപ്പിക്കും. തമിഴിലെ അര്‍ച്ചനയ്‌ക്കൊപ്പം സംസ്‌കൃതഭാഷയിലെ പ്രാര്‍ഥനയും ക്ഷേത്രങ്ങളില്‍ തുടരും. പുരോഹിതന്റെ മന്ത്രോച്ചാരണങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുമ്പോള്‍ പ്രാര്‍ഥനയില്‍ കൂടുതല്‍ മുഴുകാനാവുമെന്നും അതിനാല്‍ സംസ്‌കൃതത്തിന് പകരം തമിഴില്‍ പൂജ തിരഞ്ഞെടുക്കുമെന്നും ഭക്തര്‍ പ്രതികരിച്ചു.

1974 മുതലേ ക്ഷേത്രങ്ങളില്‍ പൂജയും പ്രാര്‍ഥനയും തമിഴില്‍ വേണമെന്ന ആവശ്യം ശക്തമായുണ്ട്. ഇതേത്തുടര്‍ന്നാണ് സ്റ്റാലിന്റെ നിര്‍ദേശപ്രകാരം ഇത് ഔദ്യോഗികമായി നടപ്പിലാക്കിയത്. എല്ലാ വിഭാഗക്കാരെയും തൃപ്തിപ്പെടുത്തുന്ന ആശയമായതിനാല്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന് ചെന്നൈ കപാലീശ്വര്‍ ക്ഷേത്രത്തില്‍ നടന്ന ‘അണ്ണൈ തമിഴില്‍ അര്‍ച്ചനൈ’ യുടെ ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി പികെ ശേഖര്‍ ബാബു പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും തമിഴില്‍ ആരാധന നടത്താനുള്ള സൗകര്യമൊരുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി എല്ലാ പൂജാരിമാര്‍ക്കും പരിശീലനം നല്‍കും. ഹിന്ദി, സംസ്‌കൃതം തുടങ്ങിയ ഭാഷകള്‍ക്ക് മാതൃഭാഷയായ തമിഴിനേക്കാള്‍ പ്രാധാന്യം നല്‍കുന്നതിന് നേരത്തേ തന്നെ ഡിഎംകെയ്ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. ഹിന്ദിക്കെതിരെയുള്ള പ്രതിഷേധമാണ് 1960കളില്‍ ഡിഎംകെയെ അധികാരത്തിലെത്തിച്ചത്.

Exit mobile version