ഐഎസ് ബന്ധം: മതംമാറി വിവാഹം കഴിച്ച പെൺകുട്ടി എൻഐഎ നിരീക്ഷണത്തിൽ; കേരളത്തിലെ യുവാക്കളെ ഐഎസിലേക്ക് ആകർഷിക്കാൻ ശ്രമമെന്ന് സൂചന

മംഗളൂരു: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി നിരന്തരം ബന്ധം പുലർത്തിയ യുവതി എൻഐഎ നിരീക്ഷണത്തിൽ. ഐഎസ് ബന്ധത്തെ തുടർന്ന് മതം മാറി വിവാഹം കഴിച്ച മംഗളൂരുവിലെ യുവതിയാണ് നിരീക്ഷണത്തിൽ. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായും സൂചനയുണ്ട്. ബുധനാഴ്ച മംഗളൂരുവിൽ അറസ്റ്റു ചെയ്ത അമർ അബ്ദുൾറഹ്മാന്റെ സഹോദരഭാര്യയാണു നിരീക്ഷണത്തിലുള്ളത് എന്നാണ് വിവരം. 2016ൽ പടന്നയിൽ നിന്ന് ഐഎസിൽ ചേർന്ന 12 പേരിൽ കുടുംബ സമേതം ചേർന്ന അജ്മലയുടെ അമ്മാവനാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ അമർ അബ്ദുൾ റഹ്മാൻ. മറ്റൊരു അമ്മാവന്റെ ഭാര്യയാണ് ഇപ്പോൾ കസ്റ്റഡിയിലുള്ള യുവതി.

ബുധനാഴ്ച മംഗളൂരുവിൽ നടന്ന റെയ്ഡിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത് എന്നാണു കുടുംബ വൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന സൂചന. അതേസമയം, എന്നാൽ എൻഐഎ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കേരളത്തിൽ നിന്നടക്കം യുവാക്കളെ ഐഎസിലേക്കു റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ടു എന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അമർ അബ്ദുൾറഹ്മാനെയും മറ്റു മൂന്ന് പേരെയും മംഗളൂരു, ബെംഗളൂരു, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നായി ബുധനാഴ്ച അറസ്റ്റു ചെയ്തത്. മുൻ ഉള്ളാൾ എംഎൽഎ ബിഎം ഇദിനബ്ബയുടെ മകൻ ബിഎം ബാഷയുടെ മകനാണ് അമർ അബ്ദുൾ റഹ്മാൻ. ബാഷയുടെ മറ്റൊരു മകന്റെ ഭാര്യയായ വിരാജ്‌പേട്ട സ്വദേശിനിയാണു കസ്റ്റഡിയിലുള്ളത്.

മംഗളൂരുവിൽ ഡെന്റൽ കോളജിൽ പഠിക്കവേ ഹിന്ദു യുവതി ബാഷയുടെ മകനുമായി അടുപ്പത്തിലാവുകയും 6 വർഷം മുൻപ് മതം മാറി അയാളെ വിവാഹം കഴിക്കുകയുമായിരുന്നെന്നാണ് വിവരം. സമൂഹ മാധ്യമങ്ങളിലുടെ യുവതി ഐഎസുമായി സ്ഥിരമായി ബന്ധം പുലർത്തിയിരുന്നതായി എൻഐഎയ്ക്കു സൂചന ലഭിച്ചതായാണ് അറിയുന്നത്. കേരളം, കർണാടകം, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ നിന്ന് യുവാക്കളെ ഐഎസിലേക്ക് ആകർഷിക്കാൻ ഇവർ ശ്രമിച്ചതായാണു സൂചന.

Exit mobile version